ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഓര്‍ഡിനെന്‍സ്; ഒപ്പിടേണ്ടത് ഗവര്‍ണര്‍
Kerala News
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഓര്‍ഡിനെന്‍സ്; ഒപ്പിടേണ്ടത് ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th November 2022, 11:20 am

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനെന്‍സ്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. എന്നാല്‍ ഈ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടാലെ ഇത് പ്രാവര്‍ത്തികമാവുകയുള്ളു.

ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. സര്‍വകലാശാലകള്‍ കമ്മ്യൂണിസ്റ്റ് വത്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

സര്‍വകലാശാലകളെ രാഷ്ട്രീയവത്കരിക്കാനാണ് നീക്കം. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റിയാല്‍ സര്‍വകലാശാലകളില്‍ സി.പി.ഐ.എം നിയമനങ്ങള്‍ നടക്കും. സര്‍വകലാശാല കമ്മ്യൂണിസ്റ്റ് വത്കരിക്കും. അതിനാല്‍ ഈ നിയമത്തെ എതിര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, ഗവര്‍ണറെ ഉപയോഗപ്പെടുത്തി ഉന്നത വിദ്യാദ്യാസ മേഖലയെ തകര്‍ക്കുകയാണ് സംഘപരിവാര്‍ ശ്രമമെന്നാണ് സി.പി.ഐ.എം വിലയിരുത്തല്‍.

ആസൂത്രിത പദ്ധതിയിലൂടെ മുന്നോട്ട് നയിക്കാന്‍ ശ്രമിക്കുമ്പോള്‍ ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമം. സര്‍വകലാശാലകളില്‍ ആര്‍.എസ്.എസ് ബന്ധമുള്ളവരെ കയറ്റി വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതിനെയെല്ലാം നിയമപരമായും ഭരണഘടനാപരമായും നേരിടും. രാഷ്ട്രീയമായി ഗവര്‍ണറുടെ നടപടികളെ തുറന്നുകാട്ടുമെന്നും സി.പി.ഐ.എം പറയുന്നു.

ബി.ജെ.പിയുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഗവര്‍ണറെ ശക്തിയായി എതിര്‍ക്കുമ്പോഴാണ് കേരളത്തിലെ നേതാക്കള്‍ അനുകൂലിക്കുന്നത്. ലീഗും ആര്‍.എസ്.പിയും സ്വതന്ത്ര നിലപാടാണ് ഇക്കാര്യത്തില്‍ എടുക്കുന്നത്. ഗവര്‍ണറുടെ നിലപാടിനെതിരായി ജനങ്ങളെ അണിനിരത്തി വിദ്യാദ്യാസ സംരക്ഷണ യജ്ഞം തുടരാനും സി.പി.ഐ.എം തീരുമാനിച്ചു.