| Wednesday, 6th November 2013, 9:57 pm

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചുള്ള അന്തിമ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, മെഡിക്കല്‍ ലാബുകള്‍, സ്‌കാനിങ് സെന്ററുകള്‍ തുടങ്ങിയവയിലെ ജീവനക്കാരുടെ വേതനമാണ് പുതുക്കുന്നത്.

2013 ജനുവരി ഒന്ന് മുതല്‍ വേതനവര്‍ധനക്ക് മുന്‍കാലപ്രാബല്യം ലഭിക്കുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. പുതുക്കിയ ഏറ്റവും കുറഞ്ഞ അടിസ്ഥാന വേതനം 7825-160-8625-175-9500 രൂപയും കൂടിയ അടിസ്ഥാന വേതനം 10000-200-11000-220-12100 രൂപയും ആണ്.

ബി.എസ്.സികാര്‍ക്ക് 8975-180-9875-200-10875 രൂപയും ജനറല്‍ നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് 8725-175-9600-195-10575 എന്ന നിലയിലാണ് നഴ്‌സുമാരുടെ അടിസ്ഥാനവേതനം.

ജീവനക്കാര്‍ക്ക് ജില്ലാ കേന്ദ്രങ്ങള്‍ക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന ജീവിത നിലവാര സൂചികയുടെ 200 പോയിന്റിനു മേല്‍ വര്‍ധിക്കുന്ന ഓരോ പോയിന്റിനും 26.65 രൂപ വച്ച് ക്ഷാമബത്തയും അടിസ്ഥാന വേതനത്തോടൊപ്പം നല്‍കണം.

ഒരേ സ്ഥാപനത്തില്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തവര്‍ക്ക് അവരുടെ അഞ്ച് വര്‍ഷത്തെ സേവനകാലയളവിനും സര്‍വീസ് വെയ്‌റ്റേജായി ഓരോ ഇന്‍ക്രിമെന്റ് പുതിയ നിരക്കില്‍ നല്‍കണം.

പുതിയ നിരക്കില്‍ ശമ്പളം നിശ്ചയിച്ച ശേഷം സേവനകാലം ഓരോ വര്‍ഷവും പൂര്‍ത്തിയാക്കുന്നവര്‍ വാര്‍ഷിക ഇന്‍ക്രിമെന്റിന് അര്‍ഹരായിരിക്കും.

ആശുപത്രി കിടക്കകളുടെ അടിസ്ഥാനത്തിലാണ് വേതന വര്‍ധന നിശ്ചയിച്ചിരിക്കുന്നത്. ആറ് വിഭാഗമായി തിരിച്ച വേതനവര്‍ധനവില്‍ ഓരോ വിഭാഗത്തിലും അടിസ്ഥാനവേതനത്തിന്റെ അഞ്ച് മുതല്‍ 30 ശതമാനം അധിക അലവന്‍സ് ലഭിക്കും.

പുതുക്കിയ നിരക്കിലുള്ള വേതനം എല്ലാവര്‍ക്കും ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ കൂടുതല്‍ ശമ്പളം നല്‍കുന്ന സ്ഥാപനങ്ങള്‍ അത് തുടണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more