സിസോദിയയുടെ വസതി ഒഴിയണമെന്ന് ഉത്തരവ്; സാധാരണ നിയമനടപടിയെന്ന് ആം ആദ്മി; അനാവശ്യ തിടുക്കമെന്ന് ബി.ജെ.പി
national news
സിസോദിയയുടെ വസതി ഒഴിയണമെന്ന് ഉത്തരവ്; സാധാരണ നിയമനടപടിയെന്ന് ആം ആദ്മി; അനാവശ്യ തിടുക്കമെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th March 2023, 2:25 pm

ന്യൂദല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ദല്‍ഹി മുന്‍ ഉപമുഖ്യമന്തിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ വസതി പുതിയ വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കുന്നതായി ഉത്തരവ്.

മധുര റോഡിലെ എ.ബി-17 എന്ന സിസോദിയയുടെ വസതി വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ അതിഷിക്ക് നല്‍കുന്നുവെന്ന് പി.ഡബ്ല്യു.ഡി വിഭാഗം ഉത്തരവില്‍ പറഞ്ഞു.

ഉത്തരവില്‍ സിസോദിയയുടെ കുടുംബത്തിനോട് മാര്‍ച്ച് 21ന് മുമ്പായി ഒഴിഞ്ഞു തരണമെന്നും ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തില്‍ വിവാദവുമായി ബി.ജെ.പി രംഗത്തെത്തി.

മുന്‍ മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ കുറേ കാലത്തേക്ക് വസതി ഒഴിഞ്ഞിരുന്നില്ലെന്ന് ബി.ജെ.പി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍
പറഞ്ഞു. സിസോദിയയുടെ വീട് ഒഴിയുന്ന കാര്യത്തില്‍ നിയമം പാലിക്കാന്‍ എന്തിനാണിത്ര തിടുക്കം കാണിക്കുന്നതെന്നും കപൂര്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി നേതാവ് അമിത് മാല്‍വിയയും സത്യേന്ദര്‍ ജെയ്ന്‍ ഒമ്പത് മാസം ജയിലിലായിട്ടും വസതി നല്‍കിയില്ലെന്ന് പറഞ്ഞതായി സിയാസത് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ജെയ്ന്‍ താമസിച്ച രാജ് നിവാസ് മാര്‍ഗ് വസതി മന്ത്രി സൗരഭ് ഭരദ്വാജിന് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇതൊരു സാധാരണ പ്രക്രിയയാണെന്നും സിസോദിയ രാജി വെച്ചത് മുതല്‍ ഈ വസതി അതിഷിക്ക് നല്‍കാവുന്നതാണെന്നും ആം ആദ്മി അറിയിച്ചതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മന്ത്രിമാര്‍ രാജിവെക്കുകയാണെങ്കില്‍ അവരുടെ ഔദ്യോഗിക വസതി 15 ദിവസത്തിനുള്ളില്‍ ഒഴിയണമെന്നാണ് നിയമം പറയുന്നതെന്ന് ആം ആദ്മി പറഞ്ഞു.

അതിഷി മന്ത്രിയാണെന്നും അവരുടെ പേരില്‍ വസതി അനുമതിച്ചതിന് എന്താണ് തെറ്റെന്നും ആം ആദ്മി എം.പി സഞ്ജയ് സിങ് ചോദിച്ചു.

‘മനീഷ് സിസോദിയ ഞങ്ങളുടെ സഹോദരനാണ്. അദ്ദേഹത്തിന്റെ കുടുംബം ഞങ്ങളുടെ കുടുംബമാണ്, ഞങ്ങള്‍ അദ്ദേഹത്തെ സംരക്ഷിക്കും.

ബി.ജെ.പി സിസോദിയയെ തീവ്രവാദിയായാണ് ചിത്രീകരിച്ചിരിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിഷി സ്ത്രീ-ശിശു വികസനം, പി.ഡബ്യൂ.ഡി, വിദ്യാഭ്യാസം, കല, സാസ്‌കാരികം തുടങ്ങിയ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്.

2015ല്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് മേല്‍ പറഞ്ഞ വസതി സിസോദിയക്ക് ലഭിക്കുന്നത്.

content highlight: Order to vacate Sisodia’s residence; Aam Aadmi said normal legal procedure; BJP said that it is unnecessary haste