കൊച്ചി: അക്കൗണ്ട് ഉടമ അറിയാതെ പണം പിന്‍വലിച്ച സംഭവത്തില്‍ എസ്.ബി.ഐ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് അക്കൗണ്ട് ഉടമക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ബാങ്കിനോട് ഉത്തരവിട്ടത്. മുവാറ്റുപുഴ സ്വദേശിയായ ബി.എം. സലീമിന്റെ അക്കൗണ്ടില്‍ നിന്ന് സലീം അറിയാതെ മൂന്ന് തവണകളായി ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിന്‍വലിച്ചിരുന്നു.
2018 ഡിസംബര്‍ 26, 27 തിയ്യതികളാലായാണ് പണം നഷ്ടപ്പെട്ടത്. എസ്.ബി.ഐ മൂവാറ്റുപുഴ പുഴക്കാപ്പിള്ളി ബ്രാഞ്ചിലായിരുന്നു സലീമിന്റെ അക്കൗണ്ട്. പണം പിന്‍വലിക്കാനായി മുളന്തുരുത്തിയിലെ എ.ടി.എമ്മിലെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടത് സലീം അറിയുന്നത്. ഉടന്‍ തന്നെ ബാങ്കിനെ സമീപിച്ചിരുന്നു എങ്കിലും സഹായം ലഭിച്ചില്ല. തുടര്‍ന്ന് ബാങ്കിങ് ഓംബുഡ്‌സ്മാനെ സമീപിച്ചെങ്കിലും 80000 രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു ഓംബുഡ്‌സ്മാര്‍ വിധിച്ചത്.
ഓംബുഡ്‌സ്മാന്റെ വിധിയില്‍ തൃപ്തനല്ലാത്തതിനാലാണ് സലീം എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമാകുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം ബാങ്കിനാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. സലീമിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി നഷ്ടപ്പെട്ട തുകയും കോടതി ചെലവുകളുടെ ഭാഗമായി 15000 രൂപയും 30 ദിവസത്തിനകം നല്‍കാന്‍ എസ്.ബി.ഐക്ക് ഉത്തരവ് നല്‍കി.
എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ഡി.ബി. ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രന്‍, ടി. എന്‍. ശ്രീവിദ്യ എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്
content highlights: Order to SBI to compensate customer who lost money from account