തിരുവനന്തപുരം: രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് ഉത്തരവ് നല്‍കി. സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്കാണ് ഉത്തരവ് ലഭിച്ചത്. ഡി.എം.എയുടേതാണ് ഉത്തരവ്. കോടതിയലക്ഷ്യ നീക്കങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് നടപടി.
രാത്രികാലങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് ആവശ്യമായ ജീവനക്കാരെ അനുവദിക്കാനും ഉത്തരവുണ്ട്. നേരത്തെ മഞ്ചേരി മെഡിക്കല്‍ കോളേജ് രാത്രികാല പോസ്റ്റുമോര്‍ട്ടം ആരംഭിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതലാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം നിലവില്‍ വന്നത്. പരിശോധനാസമയം എട്ട് മണിവരെ നീട്ടിയായിരുന്നു നടപടി.
രണ്ട് കൊല്ലം മുമ്പ് രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. രാത്രികാല പോസ്റ്റുമോര്‍ട്ടം അനുവദിച്ചുകൊണ്ട് കേന്ദ്ര സർക്കാരും നേരത്തെ ഉത്തരവിറക്കിയിരുന്നു.
അതേസമയം കേന്ദ്ര ഉത്തരവ് വരുന്നതിന് മുന്നോടിയായി തന്നെ കേരളത്തില്‍ പ്രസ്തുത ഉത്തരവ് നിലവിലുണ്ടായിരുന്നു.
അവയവദാനം പ്രോത്സഹിപ്പിക്കുന്നതിനും മസ്തിഷ്‌ക മരണം സംഭവിച്ചാല്‍ അവയവദാനത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുമായിരുന്നു നടപടി.
എന്നാല്‍ ഉത്തരവിനെതിരെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ കോടതിയെ സമീപിച്ചതോടെ തീരുമാനം പാതിവഴിയില്‍ ആകുകയായിരുന്നു.
2011ലെ കേരള മെഡിക്കോ ലീഗല്‍ കോഡ് പ്രകാരം, ഇന്‍ക്വസ്റ്റ് സ്വീകരിക്കാനുള്ള സമയം വൈകീട്ട് നാല് വരെയും പോസ്റ്റുമോര്‍ട്ടം പരിശോധന അഞ്ച് വരെയും മാത്രമാണ് അനുവദിക്കുന്നത്.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളില്‍ ജൂനിയര്‍ റസിഡന്റ്, സീനിയര്‍ റസിഡന്റ് തുടങ്ങിയ ജീവനക്കാരെ അധികമായി അനുവദിച്ച് ഉത്തരവ് നടപ്പിലാക്കിയാല്‍ പ്രതിസന്ധി ഉണ്ടാകില്ലെന്ന് ഡോക്ടമാര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: Order to five medical colleges for night post-mortem