തെരുവു നായകളെ പിടിക്കാനും ജനമൈത്രി പൊലീസ്; സേനയില്‍ എതിര്‍പ്പ്
Kerala News
തെരുവു നായകളെ പിടിക്കാനും ജനമൈത്രി പൊലീസ്; സേനയില്‍ എതിര്‍പ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st September 2022, 9:13 am

കോഴിക്കോട്: വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് തെരുവു നായകളെയെത്തിക്കാന്‍ ജനമൈത്രി പൊലീസും പോകണമെന്ന തദ്ദേശ വകുപ്പ് നിര്‍ദേശത്തിനെതിരെ സേനയില്‍ എതിര്‍പ്പ്. സ്റ്റേഷനില്‍ വിവിധ ഡ്യൂട്ടി ചെയ്യുന്നവരും ക്രമസമാധാന, ട്രാഫിക് നിയന്ത്രണ ചുമതലയുള്ളവരും തെരുവു നായകളെ പിടികൂടുന്നവര്‍ക്കൊപ്പം പോകണമെന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒട്ടുമിക്ക പൊലീസുകാരും.

തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിക്കുകയും നിരവധി പേര്‍ക്ക് പേവിഷബാധയേല്‍ക്കുകയും ചെയ്തതോടെ തദ്ദേശ മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കാനായി ഇറക്കിയ ഉത്തരവിലാണ് നായകളെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാന്‍ ജനമൈത്രി പൊലീസിന്റെ സേവനവും ഉപയോഗപ്പെടുത്തണമെന്ന് നിര്‍ദേശിച്ചത്.

സന്നദ്ധ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മൃഗസംരക്ഷണ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ജനമൈത്രി പൊലീസിന്റെ സഹായവും ഉപയോഗിക്കാന്‍ നിര്‍ദേശിച്ചത്.

ഇത്തരം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രോഗം വരാതിരിക്കാന്‍ ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കരുതല്‍ വാക്‌സിന്‍ നല്‍കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ലഹരിക്ക് അടിമകളാകുന്നത് മുമ്പില്ലാത്ത വിധം വര്‍ധിച്ചതോടെ സ്‌കൂളുകളും കോളജുകളുമെല്ലാം കേന്ദ്രീകരിച്ച് ലഹരിക്കെതിരായ ബോധവത്കരണ ചുമതലയും ജനമൈത്രി പൊലീസിനാണ്.

മാത്രമല്ല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒറ്റക്ക് താമസിക്കുന്നവരുടെ സംരക്ഷണവും സഹായവും, സ്ത്രീ സുരക്ഷ പ്രവര്‍ത്തനങ്ങള്‍ എന്നിവയടക്കം നടത്തുന്നതിലും മുന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ് ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍. ഇവരെ ദിവസങ്ങളോളം നീളുന്ന തെരുവ് നായ്ക്കളുടെ വാക്‌സിനേഷന്‍ ഡ്രൈവിലേക്ക് നിയോഗിക്കുന്നത് മറ്റ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് ആക്ഷേപം.

ഓരോ സ്റ്റേഷനിലും മതിയായ ഉദ്യോഗസ്ഥരില്ലാത്തത് ക്രമസമാധാനപാലനത്തെയും നൈറ്റ് പട്രോളിങ്ങിനെയുമടക്കം പ്രതികൂലമായി ബാധിക്കുമ്പോഴാണ് നായകളെ പിടിക്കുന്നതടക്കമുള്ള ജോലികള്‍ പുതുതായി ഏല്‍പ്പിക്കുന്നതെന്നും പൊലീസ് സേനയില്‍ വിമര്‍ശനമുയരുന്നുണ്ട്. സ്റ്റേഷനുകളുടെ ചുമതല വഹിക്കുന്ന ഇന്‍സ്‌പെക്ടര്‍മാരും പൊതുവെ സേനാംഗങ്ങളെ തെരുവു നായകളെ പിടികൂടാന്‍ വിടില്ലെന്ന നിലപാടിലാണ്.

സംസ്ഥാനത്തെ തെരുവു നായകള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കഴിഞ്ഞ ആഴ്ച തദ്ദേശ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച കര്‍മ പദ്ധതികളിലാണ് തീവ്ര വാക്‌സീന്‍ യജ്ഞത്തിന് പട്ടികളെ എത്തിക്കാന്‍ ജനമൈത്രി പൊലീസിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്.

Content Highlight: Order to catch stray dogs the Janamaithri police; Police said It’s not possible