| Tuesday, 6th August 2024, 10:16 pm

കോടതിയലക്ഷ്യം; വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കോടതിലക്ഷ്യ കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍ കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കൊല്ലം നെടുങ്ങണ്ട എന്‍.എന്‍ ട്രെയിനിങ് കോളേജിലെ മലയാള വിഭാഗം അസ്സോസിയേറ്റ് പ്രൊഫസറായ ഡോ. ആര്‍. പ്രവീണ്‍ നല്‍കിയ പരാതിയിലാണ് നടപടി.

കോടതി ഉത്തരവ് ലംഘിച്ചതിന് വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് നിര്‍ദേശം. കോളേജിന്റെ മാനേജരായ വെള്ളാപ്പള്ളി നടേശന്‍ പ്രവീണിനെ സര്‍വീസില്‍ നിന്ന് വ്യക്തമായ കാരണം കാണിക്കാതെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ഇതിനെതിരെ ട്രൈബ്യൂണലിനെ സമീപിച്ച പ്രവീണ്‍ മാനേജ്‌മെന്റിന്റെ നടപടിക്കെതിരായ വിധി നേടുകയുണ്ടായി.

എന്നാല്‍ പ്രവീണിനെ തിരിച്ചെടുക്കാന്‍ മാനേജ്മന്റ് തയ്യാറായില്ല. കോടതി ഉത്തരവ് നിലനില്‍ക്കെ അരുണിനെ സര്‍വീസില്‍ നിന്ന് മാനേജ്മന്റ് പിരിച്ചുവിടുകയും ചെയ്തു.

ഇതിനെതിരെ പ്രവീണ്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ അറസ്റ്റ് വാറന്റ്. ഹരജിക്കാരന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നാലാഴ്ചക്കകം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ജഡ്ജി ജോസ് എന്‍. സിറിലാണ് ഉത്തരവ് നല്‍കിയത്.

Content Highlight: Order to arrest SNDP meeting general secretary Vellappally Natesan in contempt of court case

We use cookies to give you the best possible experience. Learn more