ടെൽ അവീവ്: ഇസ്രാഈലി മന്ത്രിസഭയിൽ നിന്നും ഉന്നത സ്ഥാനം വഹിക്കുന്ന മന്ത്രിയെ പുറത്താക്കി ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
സുപ്രീം കോടതിയുടെ വിധിയെ തുടർന്നാണ് മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രിയായ അർയേഹ് ദേരിയെ നെതന്യാഹുവിന് പുറത്താക്കേണ്ടി വന്നത്.
ഞായറാഴ്ച വിളിച്ചു ചേർത്ത ക്യാബിനറ്റ് മീറ്റിങ്ങിലാണ് നെതന്യാഹു അർയേഹ് ദേരിയെ പുറത്താക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
കോടതിയുടെ സവിശേഷ അധികാരങ്ങൾ ഉപയോഗിച്ച് കഴിഞ്ഞയാഴ്ച്ചയാണ് കടുത്ത നികുതി വെട്ടിപ്പ് നടത്തി എന്ന് തെളിയിക്കപ്പെട്ട ദേരിക്ക് ക്യാബിനറ്റ് മന്ത്രിയായിരിക്കാൻ യോഗ്യതയില്ലെന്ന് ഇസ്രാഈൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
“വളരെ ദുഃഖത്തോടെയും വേദനയോടെയും താങ്കളെ ഈ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്,’ ദേരിയെ നീക്കം ചെയ്ത് കൊണ്ടുള്ള ക്യാബിനറ്റ് മീറ്റിങ്ങിൽ നെതന്യാഹു പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസാണ് നെതന്യാഹുവിന്റെ ഈ വാക്കുകൾ പ്രസ്താവനയായി പുറത്തുവിട്ടത് എന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇസ്രാഈലിലെ തീവ്ര വലതുപക്ഷ-യാഥാസ്ഥിതിക പാർട്ടിയായ ഷാസിന്റെ നേതാവായ ദേരി നവംബർ ഇലക്ഷനോടെയാണ് നെതന്യാഹു സർക്കാരിന്റെ ക്യാബിനറ്റിൽ മന്ത്രിയായി സ്ഥാനമേൽക്കന്നത്.
2022ൽ ദേരി നടത്തിയ നികുതിവെട്ടിപ്പിനെ തുടർന്നാണ് അദ്ദേഹത്തെ മന്ത്രി സഭയിൽ നിന്നും നിർബന്ധമായും പുറത്താക്കാൻ സുപ്രീം കോടതി ഉത്തരവിടുന്നത്.
എന്നാൽ ഷാസിന്റെ ഉന്നത നേതാവായ അർയേഹ് ദേരി മന്ത്രിസ്ഥാനത്തുനിന്നും രാജി വെച്ചത് നെതന്യാഹുവിന് വലിയ തിരിച്ചടിയാണെന്നും, ദേരിയെ തിരികെ മന്ത്രി സഭയിലേക്കെത്തിക്കാൻ നെതന്യാഹു വലിയ പരിശ്രമം നടത്തിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
കഴിഞ്ഞ മാസമാണ് ഇസ്രാഈലിൽ മന്ത്രി സ്ഥാനത്തിരുന്ന ആരെയും കസ്റ്റഡിയിൽ വെക്കാൻ പാടില്ല എന്ന നിയമം പാസാക്കപ്പെട്ടത്.
എന്നാൽ ദേരിയെ മന്ത്രി സഭയിൽ നിന്നും പുറത്താക്കേണ്ടി വന്നെങ്കിലും ഇസ്രാഈലിലെ ജനങ്ങളുടെ ‘ആഗ്രഹപ്രകാരം’ ഷാസ് പാർട്ടി മന്ത്രി സഭയിൽ തുടരുമെന്നാണ് നെതന്യാഹു അഭിപ്രായപ്പെട്ടിരിക്കുന്നത്.
കൂടാതെ ദേരിക്കായി സർക്കാരിനെക്കൊണ്ട് ചെയ്യാവുന്ന സഹായങ്ങൾ എല്ലാം ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു.
Content Highlights:Order of the Supreme Court; In Israel, Netanyahu was forced to expel the top minister