ആശുപത്രിയില്‍ മലയാളം സംസാരിക്കരുതെന്ന ഉത്തരവ്; അടിസ്ഥാന മനുഷ്യാവകാശ ലംഘനമാണെന്ന് ശശി തരൂര്‍; പ്രതിഷേധം ശക്തമാകുന്നു
national news
ആശുപത്രിയില്‍ മലയാളം സംസാരിക്കരുതെന്ന ഉത്തരവ്; അടിസ്ഥാന മനുഷ്യാവകാശ ലംഘനമാണെന്ന് ശശി തരൂര്‍; പ്രതിഷേധം ശക്തമാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th June 2021, 9:01 am

ന്യൂദല്‍ഹി: ജോലി സ്ഥലത്ത് മലയാളം സംസാരിക്കരുതെന്ന ദല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തീരുമാനം അസ്വീകാര്യവും അപരിഷ്‌കൃതവും കുറ്റകരവും ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു.

സര്‍ക്കുലര്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പറഞ്ഞു.

നിരവധി പേരാണ് ആശുപത്രി അധികൃതരുടെ തീരുമാനത്തിനെതിരെ രംഗത്ത് എത്തിയത്.

അശുപത്രിയിലെ മലയാളി നഴ്‌സുമാര്‍ക്ക് പുറമെ വിവാദ സര്‍ക്കുലറില്‍ പ്രതിഷേധവുമായി ദല്‍ഹിയിലെ മറ്റു ആശുപത്രികളിലെയും നഴ്‌സുമാരും രംഗത്ത് എത്തി.

തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയടക്കം പ്രതിഷേധം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് വിവാദ സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.

ആശുപത്രിയില്‍ മലയാളത്തില്‍ സംസാരിക്കരുതെന്നും ജോലി സ്ഥലത്ത് ഹിന്ദിയോ ഇംഗ്ലീഷോ മാത്രമേ സംസാരിക്കാവുയെന്നാണ് നിര്‍ദ്ദേശം.

മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും പുറത്തിറക്കിയ സര്‍ക്കുറില്‍ പറയുന്നു.

‘ഒരു രോഗി പരാതി ഉന്നയിച്ചതായും സെക്രട്ടേറിയറ്റില്‍ നിന്നാണ് ഉത്തരവ് വന്നതെന്നും ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇത് വളരെ തെറ്റാണ്. നഴ്‌സിംഗ് സ്റ്റാഫുകളില്‍ 60% കേരളത്തില്‍ നിന്നുള്ളവരാണ്, പക്ഷേ നമ്മളില്‍ ആരും മലയാളത്തില്‍ രോഗികളോട് സംസാരിക്കുന്നില്ല. ധാരാളം മണിപ്പൂരി, പഞ്ചാബി നഴ്‌സുമാരുണ്ട്, അവര്‍ പരസ്പരം സംസാരിക്കുമ്പോഴോ ഒത്തുചേരുമ്പോഴോ അവര്‍ സ്വന്തം ഭാഷകളില്‍ സംസാരിക്കുന്നു. ഇത് ഒരിക്കലും ഒരു പ്രശ്‌നമായിരുന്നില്ല’ എന്നാണ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു മലയാളി നഴ്‌സ് മാധ്യമങ്ങളോട് പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Order not to speak Malayalam in hospital; Shashi Tharoor alleges violation of basic human rights; The protest is getting stronger