തിരുവനന്തപുരം: ഭിന്നശേഷിയുള്ളവരെ സംരക്ഷിക്കുന്ന സഹോദരങ്ങള്‍ക്ക് ജോലിയിലെ സ്ഥലംമാറ്റത്തില്‍ ഇളവ് നല്‍കാന്‍ ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റേതാണ് ഉത്തരവ്.
സ്ഥലംമാറ്റത്തില്‍ അര്‍ഹമായ ഇളവും മുന്‍ഗണനയും നല്‍കാനാണ് ഉത്തരവില്‍ പറയുന്നത്. രക്ഷിതാക്കള്‍ ഇല്ലാത്തതോ രക്ഷിതാക്കള്‍ക്ക് സംരക്ഷിക്കാന്‍ കഴിയാത്തതോ ആയ സാഹചര്യങ്ങളിലുള്ള ഭിന്നശേഷിക്കാരുടെ സഹോദരങ്ങള്‍ക്ക് ഇളവും മുന്‍ഗണനയും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
സംസ്ഥാന ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിന്റെയും നിയമനങ്ങളുടെയും പൊതുമാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഇതിനായി പരിഷ്‌കരിച്ചുവെന്നും മന്ത്രി അറിയിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തീരുമാനം നടപ്പാക്കുന്നുണ്ടെന്ന് എല്ലാ വകുപ്പു മേധാവികളും ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം എല്ലാ കര്‍മ മേഖലകളിലും സജീവമായി പ്രവര്‍ത്തിക്കാനുള്ള ഭിന്നശേഷിക്കാരുടെ അവകാശം ഉറപ്പുവരുത്താന്‍ നമുക്ക് കടമയുണ്ടെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി അവകാശ നിയമം സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് സംഘടിപ്പിച്ച ഏകദിന പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷി സൗഹാര്‍ദപരമായ സമൂഹത്തെ പടുത്തുയര്‍ത്തേണ്ടത് കേന്ദ്ര വിഷയമാണെന്നും മന്ത്രി പറഞ്ഞു. ഗതാഗതം, പൊതുകെട്ടിടങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഭിന്നശേഷി സൗഹാര്‍ദപരമായി മാറേണ്ടതുണ്ട്.
‘ബാരിയര്‍ ഇന്‍ കേരള’ എന്ന പദ്ധതി നടപ്പിലാക്കികൊണ്ട് ഈ വിഷയത്തില്‍ കുറെയൊക്കെ പരിഹാരം കണ്ടിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായ ഒരു മാറ്റം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഒരു ഓഡിറ്റ് നടത്തിയാല്‍ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കലാലയങ്ങളും ഭിന്നശേഷി സൗഹാര്‍ദമല്ലെന്ന് തിരിച്ചറിയാന്‍ കഴിയും. കേരളത്തെ ഒരു ഭിന്നശേഷി സൗഹാര്‍ദപരമായ സംസ്ഥാനമാക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍, വെബ്‌സൈറ്റ് സേവനങ്ങള്‍ എല്ലാം ഭിന്നശേഷിക്കാര്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയും വിധത്തില്‍ മാറണമെന്നും ആര്‍. ബിന്ദു കൂട്ടിച്ചേര്‍ത്തു.
Content Highlight: Order for relief in relocation for siblings protecting differently abled: Department of Social Justice