തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ സിഡി വേട്ടയ്ക്കു നേതൃത്വം നല്‍കിയ ആന്റി പൈറസി സെല്‍ മേധാവി എസ്.പി രാജ്പാല്‍ മീണയെ സ്ഥലംമാറ്റാനുള്ള ഉത്തരവ് റദ്ദാക്കി. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഉത്തരവ് റദ്ദാക്കിയത്. പൂജപ്പുരയിലെ വിജിലന്‍സ് സെല്ലിലേക്ക് മാറ്റാനുള്ള തീരുമാനം കടുത്തപ്രതിഷേധത്തെ തുടര്‍ന്നാണ് വേണ്ടെന്നു വെച്ചത്.
രാജ്പാല്‍ മീണയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി വന്‍ വ്യാജ സിഡി വേട്ട നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന് സ്ഥലം മാറ്റം നല്‍കിയത്. വ്യാജ സിഡി മാഫിയയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഈ സ്ഥലംമാറ്റമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയം ഉത്തരവു റദ്ദാക്കിയത്.
എട്ടുമാസങ്ങള്‍ക്ക് മുമ്പ് രൂപവത്കരിച്ച ആന്റി പൈറസി സെല്ലിന്റെ ചുമതല ആറുമാസം മുമ്പാണ് മീണ ഏറ്റെടുത്തത്. ആറുമാസത്തിനിടെ രണ്ടുലക്ഷത്തോളം സിഡികളാണ് രാജ്പാല്‍ മീണയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വ്യാജ സിഡി റെയ്ഡ് ശക്തമായതോടെ ശരാശരി നിലവാരമുള്ള സിനിമകള്‍പോലും തിയേറ്ററുകളില്‍ നിറഞ്ഞു പ്രദര്‍ശിപ്പിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തലസ്ഥാന നഗരിയില്‍ വന്‍ വ്യാജ സിഡി വേട്ട സെല്ലിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. ബീമാപള്ളി പരിസരത്തു വില്‍പനയ്ക്കായി കൊണ്ടുപോയതും അവിടെനിന്നു പുറത്തേക്കു കൊണ്ടുവന്നതും ഇതില്‍പ്പെടും. വ്യാജ സിഡിയുമായി ബന്ധപ്പെട്ടവരെ നിരീക്ഷിക്കാന്‍ ചെക്ക് പോസ്റ്റ് അടക്കമുള്ള സംവിധാനവും സെല്ലിന്റെ നേതൃത്വത്തില്‍ പരിഗണിച്ചു വരുമ്പോഴാണു മീണയ്ക്ക് സ്ഥലംമാറ്റം നല്‍കുന്നത്.
ബീമാപള്ളി സ്വദേശി ബാദുഷ എന്ന ആള്‍ക്ക് കൊണ്ടുവന്ന ഒന്നര ലക്ഷത്തോളം സിഡികള്‍ കഴിഞ്ഞ ദിവസം പൈറസി സെല്‍ പിടിച്ചെടുത്തിരുന്നു. ഇത് സംബന്ധിച്ച് കഴക്കൂട്ടം, വഞ്ചിയൂര്‍, മ്യൂസിയം പോലീസ് സ്‌റ്റേഷനുകളില്‍ മൂന്നുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ബാദുഷയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്.