സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നിഷേധിച്ച ഉത്തരവ് പുനഃപരിശോധിക്കില്ല: സുപ്രീം കോടതി
national news
സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നിഷേധിച്ച ഉത്തരവ് പുനഃപരിശോധിക്കില്ല: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th January 2025, 11:53 am

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നിഷേധിച്ച 2023ലെ ഉത്തരവ് പുനഃപരിശോധിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിയമപരമായ അംഗീകാരം നിരസിച്ച ഉത്തരവിനെ ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹരജികള്‍ പരിഗണിക്കാനാണ് സുപ്രീം കോടതി വിസമ്മതിച്ചത്.

ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, സൂര്യകാന്ത്, ബി.വി. നാഗരത്‌ന, പി.എസ്. നരസിംഹ, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത് വിസമ്മതിച്ചത്. ബെഞ്ച് ഹരജികള്‍ പരിശോധിച്ചെങ്കിലും വാദം നടന്നില്ല.

സ്വവര്‍ഗ വിവാഹത്തിന് നിയമപരമായി അനുമതി നല്‍കുന്നതിന് ഭരണഘടനാപരമായ അടിസ്ഥാനമില്ലെന്ന് നേരത്തെ പുറപ്പെടുവിച്ച ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കാണിച്ച് സമര്‍പ്പിച്ച എല്ലാ ഹരജികളും ബെഞ്ച് തള്ളുകയും ചെയ്തു.

നേരത്തെ പുറപ്പെടുവിച്ച ഉത്തരവില്‍ റെക്കോര്‍ഡുകള്‍ പ്രകാരം തെറ്റുകളുള്ളതായി കാണുന്നില്ലെന്നും വിധിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിയമാനുസൃതമാണെന്നും പറഞ്ഞ കോടതി കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പൊതുതാത്പര്യം പരിഗണിച്ച് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സ്വവര്‍ഗ വിവാഹത്തിന് താത്പര്യമുള്ള ദമ്പതികളെ സുപ്രീം കോടതി വിധി സത്യസന്ധരല്ലാത്ത ദമ്പതികളായി തുടരാന്‍ നിര്‍ബന്ധിതരാക്കിയെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

2023 ഒക്ടോബറിലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരമായി അംഗീകാരം നല്‍കാന്‍ സാധിക്കില്ലെന്ന് ഉത്തരവിറക്കിയത്.

നിയമനിര്‍മാണ മേഖലയിലേക്ക് കടന്നുകയറാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഈ വിഷയം ചര്‍ച്ച ചെയ്യാനും നിയമങ്ങള്‍ പാസാക്കാനും അനുയോജ്യമായ വേദി പാര്‍ലമെന്റാണെന്നുമായിരുന്നു കോടതി പറഞ്ഞത്.

അതേസമയം സിവില്‍ യൂണിയന് അനുമതി നല്‍കാന്‍ ബെഞ്ചിന്റെ ന്യൂനപക്ഷാഭിപ്രായം ഉണ്ടായിരുന്നു. എന്നാല്‍ ആ അഭിപ്രായത്തോട് ഭൂരിപക്ഷം അനുകൂലിച്ചിരുന്നില്ല.

Content Highlight: Order denying same-sex marriage legality will not be reviewed: Supreme Court