| Sunday, 7th October 2018, 9:20 pm

ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; അഞ്ച് ജില്ലകളില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതാ സൂചനയായ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

അതേസമയം കനത്തമഴയ്ക്കുള്ള സാധ്യതാ സൂചനയായ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ തുടരും. ഈ ജില്ലകളില്‍ ഇന്നു രാത്രിയും ഇടുക്കി, വയനാട് ജില്ലകളില്‍ നാളെയും രാത്രിയാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

കാലവസ്ഥാ പ്രവചനകേന്ദ്രത്തിന്റെ അറിയിപ്പുപ്രകാരം ന്യൂനമര്‍ദം കൂടുതല്‍ കരുത്താര്‍ജിച്ച് ഒമാനിലേയ്ക്ക് നീങ്ങുകയാണെന്നാണ്. മിനിക്കോയ് ദ്വീപിന് 960 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറും ഒമാനിലെ സലാലയ്ക്ക് 1336 കി.മി. കിഴക്കുമായാണ് ന്യൂനമര്‍ദം ഇപ്പോഴുള്ളത്.തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ അതി തീവ്രന്യൂനമര്‍ദമായും ചുഴലിക്കാറ്റായും മാറുമെന്നാണ് പ്രവചനം.

ആന്‍ഡമാന്‍ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദവും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനകം ഒഡീഷ തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഡീഷ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more