11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala News
11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th July 2023, 8:12 am

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്.

തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കി.

തിരുവനന്തപുരം, വയനാട്, മലപ്പുറം ജില്ലകള്‍ ഒഴികെ ഇന്ന് അവധിയില്ല. മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രം ഇന്ന് അവധിയാണ്.

സംസ്ഥാനത്ത് ഇതിനോടകം 50 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നാളെയോടെ മഴയുടെ തീവ്രത കുറയാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.

ആറുകള്‍ കരകവിയുന്നതാണ് കോട്ടയം, പത്തനംതിട്ട ജില്ലയിലെ പ്രധാനമഴക്കെടുതിക്ക് കാരണം. തുടര്‍ച്ചയായി മഴയില്ലെന്നതിന്റെ താത്ക്കാലിക ആശ്വാസത്തിലാണ് പ്രദേശവാസികള്‍. അപ്പര്‍ കുട്ടനാട് അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീതിയുണ്ട്.

എം.ജി. സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. മറ്റു സര്‍വകലാശാല പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും മാറ്റമില്ല. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ബുധനാഴ്ച മൂന്ന് പേര്‍ മരിച്ചു. മഴയില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും 135 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.

മലയോര മേഖലയിലും തീരമേഖലയിലും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.

Content Highlights: Orange alert in 6 districts, 11 districts announce holiday for education institution