ന്യൂദല്‍ഹി: മൂടല്‍മഞ്ഞ് കനത്തതോടെ ദല്‍ഹിയില്‍ ജാഗ്രത നിര്‍ദേശം. അതിശൈത്യം കണക്കിലെടുത്ത് ദല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
മൂടല്‍മഞ്ഞ് സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. 25 ട്രെയിനുകളാണ് അതിശൈത്യത്തെ തുടര്‍ന്ന് ഇതുവരെ റദ്ദാക്കിയത്.
വിമാനസര്‍വീസുകളെയും മൂടല്‍മഞ്ഞ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നുള്ള ദൂരക്കാഴ്ച 50 മീറ്ററായി കുറഞ്ഞിരുന്നു.
പുതുക്കിയ ഫ്ളൈറ്റ് ചാര്‍ട്ടിന്റെ വിവരങ്ങള്‍ക്കായി യാത്രക്കാര്‍ എയര്‍ലൈനുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത രണ്ട് ദിവസം കൂടി മൂടല്‍മഞ്ഞ് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം, തിങ്കളാഴ്ച രാവിലെ ദല്‍ഹിയിലെ പ്രതിദിന ശരാശരി വായു ഗുണനിലവാര സൂചിക 262 ആയിരുന്നു. 0നും 50നും ഇടയിലുള്ള സൂചിക ഗുണനിലവാരമുള്ള അന്തരീക്ഷത്തെയാണ് അര്‍ത്ഥമാക്കുന്നത്.
51നും 100നും ഇടയില്‍ തൃപ്തികരമായതും 101നും 200നും മിതമായതുമായ അന്തരീക്ഷത്തെയും അര്‍ത്ഥമാകുന്നു. വായു മലിനീകരണം ദല്‍ഹിയിലെ നിലവിലെ സ്ഥിതിഗതിയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്.
നേരത്തെ ദല്‍ഹിയില്‍ പടക്കം പൊട്ടിക്കുന്നത് ഉള്‍പ്പെടെ വിലക്കിയിരുന്നു. എല്ലാ വിഭാഗത്തിലുള്ള പടക്കങ്ങളുടെയും നിര്‍മാണം, സംഭരണം, പൊട്ടിക്കല്‍ എന്നിവ പൂര്‍ണമായും നിരോധിക്കുകയാണ് ചെയ്തത്.
ദല്‍ഹിയിലെ ഉപഭോക്താക്കള്‍ക്കായി പടക്കങ്ങള്‍ ലിസ്റ്റ് ചെയ്യരുതെന്നും സേവനം നല്‍കരുതെന്നും പൊലീസ് ഇ-കോമേഴ്സ് വെബ്സൈറ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
ദല്‍ഹിയില്‍ പടക്ക വില്‍പന അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. നഗരത്തില്‍ വായുമലിനീകരണം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ദല്‍ഹിയിലെ വായു ശ്വസിക്കുന്നത് ഒരു ദിവസം 49 സിഗരറ്റുകള്‍ വലിക്കുന്നതിന് തുല്യമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2023 ഒക്ടോബര്‍ അവസാനം മുതല്‍, ദല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം താഴ്ന്ന നിലയിലാവുകയും ഓരോ ദിവസം കഴിയുന്തോറും മോശമാവുകയും ചെയ്യുകയായിരുന്നു.
ദല്‍ഹിയിലെ മാറുന്ന കാലാവസ്ഥയും മലിനീകരണ തോതും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതായി ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികള്‍കളെയും ഗര്‍ഭിണികള്‍കളെയും പ്രായമായവരെയുമാണ് മോശം കാലാവസ്ഥ സാരമായി ബാധിച്ചത്.
Content Highlight: Orange Alert; Heavy fog in Delhi, train services cancelled