തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരളാ തീരത്ത് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് തുടരുന്നു. ഞായറഴ്ച രാത്രി 12 വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ പഠന കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണം, ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം, മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക മാറ്റണം എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രം നല്‍കിയിട്ടുണ്ട്.
കേരളത്തിന് പുറമേ തെക്കന്‍ തമിഴ്നാട് തീരത്തും മുന്നറിയിപ്പ് തുടരുകയാണ്. തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം കേരളത്തിന്റെ തീരദേശ മേഖലകളില്‍ ശനിയാഴ്ച രാത്രിയോടെ കടലാക്രമണം ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഇന്നലെ രാത്രി 10 മണിയോടെ നേരിയ തോതില്‍ കടല്‍ കയറിയിരുന്നു.
തുടര്‍ന്ന് മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൊല്ലം മുണ്ടയ്ക്കലില്‍ 100 മീറ്ററോളം കടല്‍ പിന്നിലോട്ട് ഇറങ്ങി പോയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈയിടെ ഉണ്ടായ കടലാക്രമണത്തില്‍ 12 വീടുകളോളം തകര്‍ന്നിട്ടുണ്ട്.
തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ താലൂക്കിന്റെ തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസം ഉണ്ടായി. എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ്, പുതിയ റോഡ്, പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലാണ് കടല്‍ കരയിലേക്ക് കടന്നത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് കള്ളക്കടല്‍ പ്രതിഭാസം തീരങ്ങളില്‍ പ്രകടമായി തുടങ്ങിയത്. മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യബന്ധന ഉപകരണങ്ങളും വള്ളങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlight: Orange alert continues on Kerala coast