ഒാറല്‍ സെക്‌സ് അപകടകരമായ ഗൊണേറിയ (ബാക്ടീരിയ കാരണമുണ്ടാകുന്ന അണുബാധ) യ്ക്കു കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോണ്ടം ഉപയോഗം കുറയുന്നത് ഗൊണേറിയ വളരാന്‍ ഇടയാക്കുമെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പു നല്‍കുന്നു.
ഗൊണേറിയ ബാധിച്ചാല്‍ അത് ചികിത്സിച്ചു ഭേദമാക്കാന്‍ ബുദ്ധിമുട്ടാണെന്നും ചിലഘട്ടങ്ങളില്‍ ചികിത്സ തന്നെ അസാധ്യമാണെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു.
ഈ അണുബാധ ക്രമേണ ആന്റിബയോട്ടിക്കുകളോട് പ്രതിരോധം സൃഷ്ടിക്കുമെന്നാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയിരിക്കുന്നത്. 77 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡബ്ല്യു.എച്ച്.ഒ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
ഗൊണേറിയ അണുബാധ ഒട്ടും ചികിത്സ സാധ്യമല്ലാത്ത മൂന്നു കേസുകള്‍ ജപ്പാന്‍, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒയിലെ ഡോക്ടര്‍ തിയോഡോറ പറയുന്നു.
” വളരെ സ്മാര്‍ട്ടാണ് ഒരു ബാക്ടീരിയയാണിത്. നമ്മള്‍ ഇതിനെതിരെ ഓരോ ആന്റിബയോട്ടിക്കുകള്‍ കൊണ്ടുവരുമ്പോള്‍ ഈ ബാക്ടീരിയ അതിനെ പ്രതിരോധിക്കാനുള്ള കഴിവുനേടും. ” അവര്‍ പറയുന്നു.
ലൈംഗിക അവയവങ്ങള്‍, മലാശയം, തൊണ്ട എന്നിവിടങ്ങളെ ഗൊണേറിയ അണുബാധ ബാധിക്കും.
എന്താണ് ഗൊണേറിയ?
നിസീരിയ ഗൊണേറിയ എന്ന ബാക്ടീരിയം ഉണ്ടാക്കുന്ന രോഗമാണ് ഗൊണേറിയ. സുരക്ഷിതമല്ലാത്ത വജൈനല്‍, ഓറല്‍, ആനല്‍ സെക്‌സിലൂടെയാണ് ഈ രോഗം പകരുന്നത്.
ലക്ഷണങ്ങള്‍: ലൈംഗിക അവയവങ്ങളില്‍ നിന്നും കട്ടിയുള്ള പച്ച അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള സ്രവം പുറത്തേക്കുവരിക, മൂത്രമൊഴിക്കുമ്പോള്‍ വേദന തുടങ്ങിയവാണ് ലക്ഷണങ്ങള്‍.
അണുബാധ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ അത് വന്ധ്യത, ഗര്‍ഭവേളയില്‍ കുട്ടിയ്ക്കു ബാധിക്കുക, തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവും.