| Tuesday, 30th January 2024, 9:05 am

ചൈനയുമായുള്ള ബന്ധം; മാലിദ്വീപ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങളുമായി പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാലേ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയുസിവിനെ പ്രതിപക്ഷം ഇംപീച്ച് ചെയ്യാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയുമായി മുയിസു അടുത്ത ബന്ധം പുലര്‍ത്തുന്നതിനെതിരെ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യസം നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ കക്ഷിയായ മാലിദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇംപീച്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ ആദ്യ നീക്കമെന്ന നിലയില്‍ പാര്‍ലമെന്റിലെ അംഗങ്ങളുടെ ഒപ്പുശേഖരണം പ്രതിപക്ഷം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമുക്കുന്നു. മാലിദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും മറ്റു ചെറിയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ അടക്കം 34 എം.പിമാര്‍ പ്രമേയത്തിന് പിന്തുണ നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം മുഹമ്മദ് മുയിസു നോമിനേറ്റ് ചെയ്ത മന്ത്രിമാരെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ പാര്‍ലമെന്റില്‍ കൂട്ടയടി നടന്നിരുന്നു. ഏറ്റുമുട്ടലില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപുറമെ ചൈനീസ് കപ്പലിന് നങ്കൂരമിടാന്‍ പ്രസിഡന്റ് അനുവാദം നല്‍കിയതിലുള്ള അഭിപ്രായ ഭിന്നതകളും സഭാംഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

മാലിദ്വീപിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ അയക്കുന്നതിനുള്ള പദ്ധതികള്‍ ശക്തമാക്കണമെന്ന് ചൈനയോട് പ്രസിഡന്റ് മുഹമ്മദ് മുയിസു അഭ്യര്‍ത്ഥിച്ചിരുന്നു. ചൈന തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണെന്നും മാലിദ്വീപിന്റെ വികസനത്തില്‍ വലിയൊരു പങ്ക് ചൈനക്കുണ്ടെന്നും മുയിസു പറഞ്ഞിരുന്നു.

സംയോജിത ടൂറിസം മേഖല വികസിപ്പിക്കുന്നതിനായുള്ള 50 മില്യണ്‍ വരുന്ന യു.എസ് ഡോളറിന്റെ പദ്ധതിയില്‍ മാലിദ്വീപും ചൈനയും ഒപ്പുവെച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ചൈനയുമായി ദ്വീപിന്റെ ബന്ധം വര്‍ധിപ്പിച്ചോടെ അത് ഇന്ത്യയുമായുള്ള സൗഹൃദത്തില്‍ വിള്ളല്‍ ഉണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമര്‍ശം നടത്തിയതില്‍ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. മോദിയുടെ മാലിദ്വീപ് സന്ദര്‍ശനത്തെ മന്ത്രിമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിച്ചതില്‍ ഇന്ത്യ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് മാലിദ്വീപ് സര്‍ക്കാര്‍ മന്ത്രിമാരെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ചത്.

Content Highlight: Opposition with moves to impeach the President of Maldives

We use cookies to give you the best possible experience. Learn more