| Monday, 14th March 2022, 2:26 pm

പ്രതിപക്ഷം മനോഭാവം മാറ്റിയില്ലെങ്കില്‍ രക്ഷപ്പെടില്ല; ഇവന്റ് മാനേജ്‌മെന്റ് ആണ് സമരം: എ.എന്‍. ഷംസീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ പ്രതിപക്ഷത്തിന്റെ അനുമതി വേണ്ടെന്ന് എ.എന്‍. ഷംസീര്‍ എം.എല്‍.എ. പ്രതിപക്ഷം മനോഭാവം മാറ്റണമെന്ന് എ.എന്‍. ഷംസീര്‍ സില്‍വര്‍ ലൈന്‍ സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പറഞ്ഞു.

പ്രതിപക്ഷം പ്രതിഷേധ മനോഭാവം മാറ്റിയില്ലെങ്കില്‍ രക്ഷപ്പെടില്ല. ഒരു ഇവന്റ് മാനേജ്‌മെന്റ് ആണ് സമരം. ദേശീയപാത പുനരുദ്ധാരണം, ഉള്‍നാടന്‍ ജലഗതാഗതം തുടങ്ങി എല്ലാ പദ്ധതികളേയും ഇവര്‍ എതിര്‍ക്കുന്നു.

ഉരുള്‍പൊട്ടല്‍ എല്ലായിടത്തുമുണ്ടാകുന്നുണ്ട്. ഇനി പ്രളയം വന്നാല്‍ തന്നെ ചാല്‍ വെട്ടി വെള്ളം ഒഴുക്കാമെന്നും ഷംസീര്‍ പറഞ്ഞു.

സില്‍വര്‍ ലൈനിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ സര്‍ക്കാരിന്റെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എ നിയമസഭയില്‍ ആരോപിച്ചിരുന്നു.

പൊലീസ് അതിക്രമം കാണിക്കുകയാണ്. ജനങ്ങളുടെ കണ്ണീരിനിടയില്‍ കൂടി എന്തിനാണ് മഞ്ഞക്കുറ്റി. കുഞ്ഞുങ്ങളുടെ കണ്ണീരിന് അപ്പുറം എന്ത് സാമൂഹികാഘാത പഠനം. സാമൂഹികാഘാത പഠനമല്ല, സാമൂഹിക അതിക്രമമാണ് നടക്കുന്നത്. കേരളം കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഫാസിസമാണിത്. അടുക്കളയില്‍ വരെ മഞ്ഞക്കല്ലുകള്‍ കുഴിച്ചിടുന്നുവെന്നും വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു.

‘ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്ന വീടുകളിലേക്ക് നൂറു കണക്കിന് പൊലീസുകാര്‍ ഇരച്ചു വന്ന് ആക്രമിക്കുകയാണ്. ഒരു നോട്ടീസ് പോലും കൊടുക്കാതെ മഞ്ഞ കല്ല് കുഴിച്ചിടുകയാണ്. വിനാശകരമായ ഫാസിസ്റ്റ് പദ്ധതിയായ കെ റെയിലിനു വേണ്ടി കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അതിക്രമം പൊലീസ് അഴിച്ചു വിടുകയാണ്.

കുട്ടികളുടെ മുന്നില്‍ വെച്ച് മാതാപിതാക്കളെ മര്‍ദിച്ചു. വയോധികരെ പോലും സ്വന്തം ഭൂമിയില്‍ നിന്നും വലിച്ച് പുറത്തിട്ടു. കഴിഞ്ഞ ഒക്ടോബറില്‍ കെ റെയില്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ചപ്പോള്‍ പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്കില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ മാര്‍ച്ച് ആയപ്പോള്‍ സര്‍ക്കാരിന് ചര്‍ച്ചയ്ക്ക് തയ്യാറാകേണ്ടി വന്നു,’ എന്നും വിഷ്ണുനാഥ് വ്യക്തമാക്കി.


Content Highlights: Opposition will not survive if it does not change its attitude on K Rail project: A.N. Shamsir

We use cookies to give you the best possible experience. Learn more