തിരുവനന്തപുരം: നിയമസഭയില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ എം.എല്‍.എമാര്‍ പ്ലക്കാര്‍ഡുകളുമായി നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. സഭയിലുണ്ടായ ദൗര്‍ഭാഗ്യകരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങളില്‍ ഒരു തീരുമാനമായിട്ടില്ലെന്നും സഭാനടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്ക് പൊലീസിനെ അയച്ച നരേന്ദ്ര മോദി ഭരണകൂടത്തിന്റെ അതേ മനോഭാവമാണ് കള്ളക്കേസെടുത്ത ഈ സര്‍ക്കാരിനെന്നും സതീശന്‍ പറഞ്ഞു.
ചോദ്യോത്തര വേളയുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. കാര്യോപദേശക സമിതിയുമായും സഹകരിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചു.
പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നത്. എം.എല്‍.എമാര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിക്കൊണ്ടാണ് നിയമസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസെടുത്തിരിക്കുന്നത്. ഇത് കള്ളക്കേസാണെന്നും പിന്‍വലിക്കാന്‍ തയാറാവണമെന്നതുമായിരുന്നു ഒരാവശ്യം. റൂള്‍ 15 പ്രകാരം അടിയന്തര പ്രമേയത്തിന് നോട്ടീസ് അയക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുള്ളതാണ്, ആ അവകാശം കവരില്ലെന്നും അനുമതി നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഉറപ്പ് നല്‍കണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലേക്ക് ഇറങ്ങി. ചോദ്യോത്തര വേള പുരോഗമിക്കുമ്പോഴും മുദ്രാവാക്യം വിളി തുടരുകയുമായിരുന്നു. സ്പീക്കറുടെ മുഖം മറക്കുന്ന വിധത്തില്‍ മുദ്രാവാക്യം വിളികളും തുടര്‍ന്നതോടെ സഭാനടപടികള്‍ നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.
ഇതിന് ശേഷം ചേര്‍ന്ന യു.ഡി.എഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രി ഒരു സമവായ ചര്‍ച്ചക്ക് വിളിക്കുന്നത് വരെയോ അല്ലെങ്കില്‍ ഒരു സമവായ ഫോര്‍മുല ഉണ്ടാക്കുന്നത് വരെയോ സഭാനടപടികളുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. പാര്‍മമെന്ററി കാര്യ മന്ത്രിയും സ്പീക്കറും രാവിലെ വിളിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിതല ചര്‍ച്ചയെ പറ്റി ഒരു സൂചനയും നല്‍കുന്നില്ല. ഈ കാര്യത്തില്‍ പ്രതിപക്ഷത്തിന് കടുത്ത അസൃംതൃപ്തിയുണ്ട്. ഇത്തരത്തില്‍ ഭരണ പക്ഷത്തിന്റെ കടുംപിടുത്തത്തിന് വഴങ്ങി കൊടുക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Content Highlight: opposition will not cooperate with the assembly proceedings until the chief minister calls for a discussion