സജി ചെറിയാന്റെ രാജി സ്വാഗതം ചെയ്യുന്നു; എം.എല്‍.എ സ്ഥാനം കൂടി രാജിവെക്കണം: വി.ഡി. സതീശന്‍
Kerala News
സജി ചെറിയാന്റെ രാജി സ്വാഗതം ചെയ്യുന്നു; എം.എല്‍.എ സ്ഥാനം കൂടി രാജിവെക്കണം: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th July 2022, 7:31 pm

തിരുവനന്തപുരം: സജി ചെറിയാന്റെ രാജി തീരുമാനം സ്വാഗതം ചെയ്ത് പ്രതിപക്ഷം. പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചതിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. രാജി പ്രഖ്യാപനത്തിലും തന്റെ വിവാദ പ്രസംഗത്തെ തള്ളിപറഞ്ഞിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

അദ്ദേഹം പറഞ്ഞത് എല്ലാവരും കേട്ടതാണ്. രാജി സ്വതന്ത്ര തീരുമാനം എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ ഈ വിഷയത്തില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും നിലപാട് എന്താണ് എന്നും സതീശന്‍ ചോദിച്ചു.

അദ്ദേഹം ഇപ്പോഴും പ്രസംഗത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ഇപ്പോഴും അദ്ദേഹം അതിനെ ന്യായീകരിക്കുകയാണ്. ചെയ്തത് ക്രമിനല്‍ കുറ്റമാണ്. ഭരണഘടനയെ തള്ളിപ്പറഞ്ഞയാള്‍ എം.എല്‍.എ സ്ഥാനം കൂടി രാജിവെക്കണമെന്നും സതീശന്‍ പറഞ്ഞു.

വിവാദത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഒരു പത്രക്കുറിപ്പ് പോലുമില്ല. സര്‍ക്കാര്‍ കേസ് എടുത്തില്ലെങ്കില്‍ പ്രതിപക്ഷം നിയമവഴി തേടുമെന്നും നാവുപിഴ എന്ന് പറയുന്നത് സാമാന്യ ബോധത്തിനോടുള്ള വെല്ലുവിളിയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജി പ്രഖ്യാപനത്തിനായി മാധ്യമങ്ങളെ കണ്ട സജി ചെറിയാനോട് എം.എല്‍.എ സ്ഥാനം രാജിവെക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അദ്ദേഹത്തില്‍ നിന്നും മറുപടിയൊന്നുമുണ്ടായില്ല.

മുഖ്യമന്ത്രിയോട് താന്‍ രാജിവെക്കുകയാണെന്ന് അങ്ങോട്ട് ആവശ്യപ്പെടുകയാണെന്നും മാധ്യമങ്ങള്‍ തന്റെ പ്രസംഗത്തെ തെറ്റായി അവതരിപ്പിച്ചുവെന്നും സജി ചെറിയാന്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരില്‍ രാജിവെക്കുന്ന ആദ്യ മന്ത്രിയാണ് സജി ചെറിയാന്‍.

സജി ചെറിയാന്‍ രാജിവെച്ചെങ്കിലും പുതിയ മന്ത്രി വേണ്ടെന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വം. മന്ത്രിയുടെ ചുമതലകള്‍ നിലവിലെ മറ്റൊരു മന്ത്രിക്ക് കൈമാറാനാണ് തീരുമാനം. രാജി പ്രഖ്യാപനം അറിയിച്ച സജി ചെറിയാന്‍ ഔദ്യോഗിക വാഹനം ഒഴിവാക്കിയാണ് മടങ്ങിയത്.