വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിൽ പ്രതിഷേധം; സഭ വിട്ടിറങ്ങി സ്പീക്കറും പ്രതിപക്ഷവും
India
വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിൽ പ്രതിഷേധം; സഭ വിട്ടിറങ്ങി സ്പീക്കറും പ്രതിപക്ഷവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th August 2024, 4:11 pm

ന്യൂദൽഹി: 2024ലെ പാരീസ് ഒളിമ്പിക്സിൽ നിന്ന് ഗുസ്തി താരം വിനേഷ് ഫോഗാട്ടിനെ അയോഗ്യയാക്കിയതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അവസരം നൽകാത്തതിനെ തുടർന്ന് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് വാക് ഔട്ട് നടത്തി. പിന്നാലെ സ്പീക്കർ ജഗദീപ് ധൻകറും സഭയിൽ നിന്ന് ഇറങ്ങി പോയി.

മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് നടത്തിയ ഭാര പരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയതിന് പിന്നാലെ പാരീസ് ഒളിമ്പിക്സിൽ നിന്ന് വിനേഷ് ഫോഗാട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു .

50 കിലോഗ്രാം ഫ്രീസ്റ്റൈൽ സ്വർണ മെഡൽ പോരാട്ടത്തിൽ യു.എസ് താരം സാറ ആൻ ഹില്‍ഡെബ്രാന്റിനെതിരായുള്ള മത്സരത്തിന്റെ മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഇത് സംഭവിച്ചത്.

വിഷയത്തെക്കുറിച്ച് സംസാരിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വിനേഷ് ഫോഗാട്ടിന്റെ വിഷയം സംസാരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ എത്തിയ ഉടനെ ആവശ്യപ്പെടുകയായിരുന്നു.

‘ഇതൊരു സുപ്രധാന വിഷയമാണ്. ഒരു പ്രത്യേക വ്യക്തിയുടെ പ്രശ്നമല്ല ഇത്,’ അദ്ദേഹം പറഞ്ഞു. എന്നാൽ വിഷയം ഉന്നയിക്കാൻ ഖാർഗെയെ രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻകർ അനുവദിച്ചില്ല. ഖാർഗെക്ക് പിന്നാലെ ഡെറിക് ഒബ്രിയാനും സമാനമായ ചോദ്യവുമായി എഴുന്നേറ്റെങ്കിലും അദ്ദേഹത്തെയും ചോദ്യം ചോദിക്കാൻ ധൻകർ അനുവദിച്ചില്ല.

നിങ്ങൾ ചെയറിന് നേരെ ആക്രോശിക്കുന്നു സഭയിൽ നിങ്ങളുടെ പെരുമാറ്റം വളരെ മോശമെന്ന് സ്പീക്കർ ഡെറിക് ഒബ്രിയാനോട് പറഞ്ഞു.

തുടർന്ന് സഭയിൽ ബഹളം ഉണ്ടാവുകയും പ്രതിപക്ഷം വാക്ക് ഔട്ട് ചെയ്യുകയും ചെയ്തു. സഭയിൽ ബഹളം ഉണ്ടായതോടെ രാജ്യസഭാ സ്പീക്കർ ജഗദീപ് ധൻകർ അൽപ്പനേരത്തേക്ക് സഭ വിട്ട് പുറത്തേക്ക് പോയി.

അദ്ദേഹത്തിന്റെ അഭാവത്തിൽ ഡെപ്യുട്ടി ചെയർമാൻ ഹരിവംശ് ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. പിന്നാലെ തിരിച്ചെത്തിയ ധൻകർ സഭയുടെ നേതൃത്വം വീണ്ടും ഏറ്റെടുക്കുകയായിരുന്നു. അതോടൊപ്പം വിനേഷ് ഫോഗാട്ടിന്റെ മെഡൽ നഷ്ടം രാഷ്ട്രീയ വൽക്കരിക്കരുതെന്നും അത് അവരോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നും ധൻകർ പറഞ്ഞു.

 

അതേ സമയം വിനേഷ് ഫോകോട്ടിന്റെ അയോഗ്യതക്കെതിരെയുള്ള ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ശക്തമായ പ്രതിഷേധത്തിന് ഇന്ന് വൈകുന്നേരം മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും വിട്ടുവീഴ്ചക്കുള്ള സാധ്യതകൾ കുറവാണെന്ന് മാധ്യമങ്ങൾ പറഞ്ഞു.

 

 

 

Content Highlight: Opposition walkout in Rajya Sabha over Vinesh Phogat’s disqualification