അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു: പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു
Kerala
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു: പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th July 2012, 8:25 am

തിരുവനന്തപുരം: പോലീസ് മര്‍ദനത്തില്‍ മനംനൊന്ത് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മാത്യു.ടി.തോമസ് എം.എല്‍.എയാണ് ഇതുസംബന്ധിച്ച അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

സി.പി.ഐ.എം തിരുവല്ല കിഴക്കുംമുറി ബ്രാഞ്ച് സെക്രട്ടറി രാധാ സദനത്തില്‍ ഇ.ആര്‍ രാജപ്പന്‍ നായര്‍(43) ആണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങിമരിച്ചത്. കേസ് അന്വേഷണത്തിന്  ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം നേതൃത്വം വഹിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഈ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭവിട്ട് ഇറങ്ങുകയായിരുന്നു.

പൊലീസുകാരനെ കൊന്ന ആട് ആന്റണിയെ പോലും പിടിക്കാന്‍ കഴിയാത്തവരാണ് തിരുവഞ്ചൂരിന്റെ പൊലീസെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനാന്ദന്‍ കുറ്റപ്പെടുത്തി.