| Thursday, 12th July 2012, 10:53 am

നെല്‍വയല്‍ നികത്തല്‍: പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെല്‍വയല്‍ നികത്തലിന് നിയമപരിരക്ഷ നല്‍കാനുള്ള തീരുമാനമെടുത്തത് കഴിഞ്ഞ മന്ത്രിസഭയാണെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയെ അറിയിച്ചു. നെല്‍വയല്‍ നികത്തല്‍ പ്രശ്‌നം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

വയല്‍നികത്തലുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനങ്ങളുടെ തുടര്‍ച്ചമാത്രമാണിതെന്നും അല്ലാതെ ഇപ്പോഴത്തെ സര്‍ക്കാര്‍ കൈക്കൊണ്ട പുതിയതീരുമാനമല്ലെന്നും മന്ത്രി പറഞ്ഞു

ഏഴുവര്‍ഷം മുമ്പു നികത്തിയ എല്ലാ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കരഭൂമിയാക്കി മാറ്റാനുള്ള മന്ത്രിസഭാ നിര്‍ദേശം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് സഭ അവതരണാനുമതി നിഷേധിച്ചു. ഇതില്‍  പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

ഇതിനിടെ ഇറങ്ങിപ്പോയ പ്രതിപക്ഷാംഗങ്ങളെ ഭരണപക്ഷാംഗങ്ങള്‍ കൂവി വിളിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെച്ചു. കൂവിവിളിച്ചവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വെച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു.

എന്നാല്‍ നിയമസഭയിലെ വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു.

പാഴായിക്കിടക്കുന്ന പാടങ്ങള്‍ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കാമെന്ന വ്യവസായ വകുപ്പിന്റെ പുതിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നെല്‍വയല്‍ നികത്തല്‍ തീരുമാനം വന്നത്. കേരളത്തിലെ നെല്‍വയലുകളെയും നീര്‍ത്തടങ്ങളെയും നികത്തലുകളില്‍ നിന്ന് സംരക്ഷിക്കുവാനായി 2008ലാണ് “കേരള നെല്‍വയലും നീര്‍ത്തടവും സംരക്ഷണ നിയമം” നടപ്പിലാക്കിയത്.

ഫെബ്രുവരി 8ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് 2005 ന് മുമ്പ് നികത്തിയ നെല്‍വയലുകളും നീര്‍ത്തടങ്ങളും കരഭൂമിയായി പരിഗണിക്കാന്‍ തീരുമാനമെടുത്തത്.  കേരളത്തിലെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിര്‍ത്തുക എന്നീ ഉദ്ദേശങ്ങളോടെയാണ് ഈ നിയമം നടപ്പാക്കിയിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more