തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ പോലീസിനെ ഉപയോഗിച്ച് പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം. നിയമസഭയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. []
എന്നാല്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്നും ഇ.പി ജയരാജനാണ് നോട്ടീസ് നല്‍കിയത്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
എന്നാല്‍ സഹകരണ ബാങ്കുകളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതും ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതും എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണെന്ന് നോട്ടീസിന് മറുപടി പറഞ്ഞ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
സഹകരണ ബാങ്കുകളുടെ നടത്തിപ്പില്‍ യു.ഡി.എഫ് സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
14 ജില്ലാ സഹകരണ ബാങ്കുകളും ഘടകകക്ഷികള്‍ക്ക് വീതിച്ച് നല്‍കാനാണ് യു.ഡി.എഫ് ശ്രമമെന്ന് ഇ.പി ജയരാജന്‍ ആരോപിച്ചു. വോട്ടര്‍പട്ടിക പോലും പ്രസിദ്ധീകരിക്കുന്നില്ല.
തെരഞ്ഞെടുപ്പ് നടപടികള്‍ കുറ്റമറ്റ രീതിയില്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഇല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.