സ്വാശ്രയകോളേജുകളുടെ നിലവാരത്തകര്‍ച്ച: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
Kerala
സ്വാശ്രയകോളേജുകളുടെ നിലവാരത്തകര്‍ച്ച: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th July 2012, 10:38 am

തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനിയറിങ്‌ കോളേജുകളിലെ  നിലവാരത്തകര്‍ച്ചയില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളുടെയെല്ലാം നിലവാരം വളരെ താഴെയാണെന്ന് പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.

കോടതി പൂട്ടാന്‍ പറഞ്ഞ സ്വാശ്രയ കോളേജുകളില്‍ പോലും നിയമനം നടത്തുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോളേജുകളിലെ നിലവാരത്തകര്‍ച്ചയില്‍ സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വിജയശതമാനം നാല്‍പതില്‍ താഴെയുളള സ്വാശ്രയ കോളജുകള്‍ക്ക് പുതിയ കോഴ്‌സുകള്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് വ്യക്തമാക്കി. നിയമസഭയില്‍ പി. ശ്രീരാമകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സ്വാശ്രയ കോളജുകളുടെ നിലവാരതകര്‍ച്ച സംബന്ധിച്ചായിരുന്നു പി. ശ്രീരാമകൃഷ്ണന്റെ ചോദ്യം. പല കോളജുകളും എ.ഐ.സി.ടി.ഇ മാനദണ്ഡമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യം ഉന്നതാധികാരസമിതി അംഗീകരിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. സുപ്രീംകോടതിയില്‍ ഇതനുസരിച്ചുള്ള തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം ചോദ്യോത്തരവേളയില്‍ പറഞ്ഞു.