വീട്ടമ്മയുടെ കൊലപാതകം: പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി
Kerala
വീട്ടമ്മയുടെ കൊലപാതകം: പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd July 2012, 10:04 am

കോഴിക്കോട്: കോഴിക്കോട് മീഞ്ചന്തയില്‍ മോഷണശ്രമത്തിനിടെ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന്‌
പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.[]

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട്
കെ.കെ. ലതിക എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു സ്പീക്കറുടെ വാദം.

സുന്ദരി എന്ന വീട്ടമ്മയാണ് കഴിഞ്ഞ ദിവസം മോഷ്ടാവിന്റെ വെട്ടേറ്റ് മരിച്ചത്. വീട്ടമ്മയുടെ ശരീരത്തില്‍ ഇരുപതോളം വെട്ടുകള്‍ ഏറ്റിരുന്നു. അന്യസംസ്ഥാന തൊഴിലാളികളാകാം സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം ക്രിമിനലുകളെ പോലീസ് സംരക്ഷിക്കുകയാണെന്ന് എ.കെ ബാലന്‍ എം.എല്‍.എ ആരോപിച്ചു. കേരളം ക്രമിനലുകളുടെ നാടായിമാറുന്നെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സ്ത്രീകള്‍ക്കെതിരായ 14,445 അക്രമ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ 1675 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.