| Wednesday, 27th July 2022, 9:45 am

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭീഷണിപ്പെടുത്തിയാല്‍ പിന്നെ എങ്ങനെ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കും; മാര്‍ഗരറ്റ് ആല്‍വ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പരസ്യമായി തന്നെ പിന്തുണക്കുന്നവരെ ബി.ജെ.പി ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആല്‍വയുടെ പരാമര്‍ശം.

മാന്യമായ തെരഞ്ഞെടുപ്പ് രീതിയാണ് രാജ്യത്ത് നടക്കുന്നതെന്ന് വിശ്വസിക്കുന്നില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഭീഷണിപ്പെടുത്തുന്ന രാജ്യത്ത് എങ്ങനെയാണ് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടക്കുകയെന്നും ആല്‍വ ചോദിച്ചു.

‘ഒരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ട്. എന്നെ പരസ്യമായി പിന്തുണക്കുന്ന പാര്‍ട്ടികളെ ബി.ജെ.പി ഭീഷണിപ്പെടുത്തുകയാണ്. എന്‍.സി.പി എന്നെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ പ്രഫുല്‍ പട്ടേലിനെ നോക്കൂ; ജെ.എം.എം എന്നെ പിന്തുണയ്ക്കുന്നു, ജാര്‍ഖണ്ഡില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ.

ദക്ഷിണേന്ത്യയിലും ഇതൊക്കെതന്നെയാണ് സ്ഥിതി. ജഗന്‍ റെഡ്ഡി എന്നെ പിന്തുണയ്ക്കുന്നുണ്ടെന്ന് എനിക്കറിയാം. അവര്‍ ആരെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. മമതാ ബാനര്‍ജിയുടെ മന്ത്രിയെ അവര്‍ അറസ്റ്റ് ചെയ്തു.

ഇത് ന്യായമായ തെരഞ്ഞെടുപ്പാണെന്ന് പറയാനാകില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭീഷണിപ്പെടുത്തിയാല്‍ പിന്നെ എങ്ങനെ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കും?,’ ആല്‍വ പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കുന്ന ആഗസ്റ്റ് ആറിന് മുമ്പ് ഒരു സമവായം രൂപപ്പെടുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ആല്‍വ പ്രതികരിച്ചു. എന്‍.ഡി.എയിലെ ചില എം.പിമാര്‍ക്ക് ഉള്‍പ്പെടെ രാജ്യത്ത് നടക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും ആല്‍വ പറഞ്ഞു.

രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നതാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള കാരണമെന്നും മാര്‍ഗരറ്റ് ആല്‍വ പറഞ്ഞു. 24 വര്‍ഷത്തോളം പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുകയും സംംവാദങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘പാര്‍ട്ടി ഭേദമന്യേ എല്ലാവര്‍ക്കും ആശങ്കയുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഉന്നയിക്കണമെന്ന തോന്നലാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇടയാക്കിയത്. ജനങ്ങളുടെയും സംസ്ഥാനങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങളുടെയും ലംഘനം രാജ്യത്ത് നിലവിലുണ്ട്.

കര്‍ണാടകയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. എന്ത് ധരിക്കുന്നു, എന്ത് കഴിക്കുന്നു എന്ന പ്രാഥമിക കാര്യങ്ങളില്‍ പോലും ജനങ്ങള്‍ മര്‍ദ്ദിക്കപ്പെടുകയാണ്, ചോദ്യം ചെയ്യപ്പെടുകയാണ്.

ഞാന്‍ 24 വര്‍ഷം രാജ്യസഭയിലും അഞ്ചു വര്‍ഷം ലോക്സഭയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ന് പാര്‍ലമെന്റില്‍ എന്താണ് നടക്കുന്നത്? നമുക്കറിയാവുന്ന പാര്‍ലമെന്റല്ല ഇന്ന്.
ഇത് ശരിയല്ലെന്ന് പറയാനും നീതിയല്ലെന്ന് പറയാനും ആരെങ്കിലും മുന്നോട്ട് വരേണ്ടതുണ്ട്.

അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയില്‍ തന്നെയാണ് പാര്‍ലമെന്റ് ഇത്രയും വര്‍ഷം പ്രവര്‍ത്തിച്ചത്. പാര്‍ലമെന്റില്‍ ഇന്ദിരാ ഗാന്ധിയെ എതിര്‍ത്തു, അധിക്ഷേപിച്ചു, തര്‍ക്കമുണ്ടായി. എന്നിരുന്നാലും പാര്‍ലമെന്റ് പ്രവര്‍ത്തിച്ചിരുന്നു.

പാര്‍ലമെന്റ് ഭൂരിപക്ഷാധിഷ്ടിതമായി പ്രവര്‍ത്തിക്കേണ്ടതല്ല. എം.പിമാര്‍ പ്രതിനിധീകരിക്കുന്ന ആളുകളുടെ ആശങ്കകള്‍ പ്രകടിപ്പിക്കാനുള്ള ഇടം കൂടിയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച രീതി നോക്കൂ. സംവാദമില്ല. 12 മിനിറ്റിനുള്ളില്‍ 20-22 ബില്ലുകള്‍ ഒറ്റയടിക്ക് പാസാക്കി,’ ആല്‍വ കൂട്ടിച്ചേര്‍ത്തു.

Content Highlight: Opposition vice president candidate says that the election is not fair as bjp is threatening the other parties

Latest Stories

We use cookies to give you the best possible experience. Learn more