| Saturday, 10th November 2018, 10:06 pm

ബി.ജെ.പി വിരുദ്ധ ചേരി ഒരുങ്ങുന്നു; പ്രതിപക്ഷകക്ഷികളുടെ ആദ്യയോഗം നവംബര്‍ 22 ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: 2019 തെരഞ്ഞെടുപ്പിന് മുന്‍പായി രൂപീകരിക്കുന്ന ബി.ജെ.പി വിരുദ്ധ മഹാസഖ്യത്തിന്റെ ആദ്യയോഗം നവംബര്‍ 22 ന് ചേരുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു. കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗെഹ്‌ലോട്ട് ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തിയത്. ” ഈ ചര്‍ച്ചയില്‍ നേതൃപരമായ പങ്ക് വഹിക്കണമെന്ന് ഞാന്‍ രാഹുല്‍ജിയോട് ആവശ്യപ്പെടുകയാണ്.” -നായിഡു പറഞ്ഞു.

ALSO READ: കോണ്‍ഗ്രസിനായി പ്രചരണം നടത്തുന്നതാരെന്ന് നോക്കൂ…; മോദിയുടെ അപരനൊപ്പം തെരഞ്ഞെടുപ്പ് പ്രചരണം നയിച്ച് രാഹുല്‍ ഗാന്ധി

പ്രതിപക്ഷനിരയിലുള്ള ഒരോ നേതാക്കളുമായും ഇതിനോടകം ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തിക്കഴിഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി നവംബര്‍ 19 ന് ചര്‍ച്ച നടത്തുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

മമതയുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നും മഹാസഖ്യത്തില്‍ അവരും പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്‍പ് പ്രാഥമികമായി സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് നവംബര്‍ 22 ന്റെ യോഗത്തിലെ ലക്ഷ്യം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ ഉന്മൂലനം ചെയ്യാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

ALSO READ: നോട്ടുനിരോധനവും ജി.എസ്.ടിയും ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് തടയിട്ടു; രഘുറാം രാജന്‍

അതേസമയം രാജ്യത്തിന്റെ നന്മ മാത്രമാണ് ലക്ഷ്യംവെക്കുന്നതെന്നും മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും നായിഡു വ്യക്തമാക്കി. ” ഞങ്ങള്‍ കോണ്‍ഗ്രസിനോടൊപ്പം ചേരുന്നു. രാജ്യത്തിന്റെ ജനാധിപത്യ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ലക്ഷ്യം. എല്ലാ പാര്‍ട്ടികളോടും എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് നമ്മള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ മാറ്റിവെക്കണമെന്നാണ്. വിശാലതാല്‍പ്പര്യത്തിനായി നമ്മള്‍ ഒരുമിക്കണം.”- നായിഡു പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡയുമായും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.

ALSO READ: രാമക്ഷേത്രനിര്‍മാണം; ഓര്‍ഡിനന്‍സിനായി മെഗാറാലികള്‍ സംഘടിപ്പിക്കുമെന്ന് ആര്‍.എസ്.എസ്

2019 ല്‍ 1996 ആവര്‍ത്തിക്കും എന്നായിരുന്നു കുമാരസ്വാമി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത്. ബി.എസ്.പി നേതാവ് മായാവതി, എസ്.പി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുമായി നായിഡു കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more