പട്‌ന: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല പ്രതിപക്ഷ പാര്‍ട്ടി യോഗം നാളെ പട്‌നയില്‍ വെച്ച് നടക്കും. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനത്തെ അടിസ്ഥാനമാക്കി സീറ്റ് വിഭജനത്തെ കുറിച്ചുള്ള ചര്‍ച്ച നടത്തിയേക്കും. ഈ നിര്‍ദേശം ജനതാദളും രാഷ്ട്രീയ ജനതാദളും വിശാല പ്രതിപക്ഷ യോഗത്തില്‍ മുന്നോട്ട് വെച്ചേക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
‘ഓരോ സംസ്ഥാനത്തും പാര്‍ട്ടികള്‍ക്ക് മത്സരിക്കാന്‍ എത്ര സീറ്റുകള്‍ നല്‍കണമെന്ന കാര്യം തീരുമാനിക്കാന്‍ ഒരു സംവിധാനം വേണം. അതുകൊണ്ട് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ പാര്‍ട്ടിയുടെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി ഒരു സീറ്റ് വിഭജന ഫോര്‍മുല ഉപയോഗിക്കും. എത്ര സീറ്റുകള്‍ നേടി, വോട്ട് വിഹിതം എന്നിവയാണ് പരിഗണിക്കുക,’ ബീഹാറിലെ മഹാസഖ്യത്തില്‍ നിന്നുള്ള മുതിര്‍ന്ന് നേതാവ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സീറ്റ് വിഭജനത്തിന് ഈയൊരു ഫോര്‍മുല ആവശ്യമാണെന്ന് ആര്‍.ജെ.ഡി ദേശീയ ജനറല്‍ സെക്രട്ടറി ഭോല യാദവ് പറഞ്ഞു. ‘ഈയൊരു ഫോര്‍മുലയെ അടിസ്ഥാനമാക്കി പാര്‍ട്ടിയുടെ ശക്തി വിലയിരുത്തുന്ന രീതി ഞങ്ങള്‍ പ്രയോഗിക്കും. വോട്ട് വിഭജനവും ഇതിന്റെ ഭാഗമാകും,’ അദ്ദേഹം പറഞ്ഞു.
ശക്തമായ പ്രാദേശിക പാര്‍ട്ടികളുള്ള സംസ്ഥാനങ്ങളില്‍ ഈ ഫോര്‍മുല ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും സൗഹാര്‍ദപരമായ സീറ്റ് വിഭജനത്തിനും ഇത് ഉപയോഗപ്രദമായ മാര്‍ഗമായിരിക്കും. പ്രത്യേകിച്ചും ബീഹാറും ജാര്‍ഖണ്ഡും പോലെ പ്രാദേശിക പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യത്തിലാകുന്ന സംസ്ഥാനങ്ങളില്‍ ഇത് ഗുണം ചെയ്യും,’ അദ്ദേഹം പറഞ്ഞു.
പട്‌നയില്‍ നാളെ ചേരുന്ന വിശാല പ്രതിപക്ഷ യോഗത്തില്‍ ഇരുപതോളം പ്രതിപക്ഷപാര്‍ട്ടികള്‍ പങ്കെടുത്തേക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്‌രിവാള്‍ (എ.എ.പി), മമത ബാനര്‍ജി(തൃണമൂല്‍ കോണ്‍ഗ്രസ്), എം.കെ. സ്റ്റാലിന്‍(ഡി.എം.കെ), അഖിലേഷ് യാദവ് (സമാജ്‌വാദി), സീതാറാം യെച്ചൂരി (സി.പി.ഐ.എം) മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കും.
ഈയൊരു ഫോര്‍മുല പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വരെ പ്രവര്‍ത്തിക്കുമെന്ന് മുതിര്‍ന്ന ആര്‍.ജെ.ഡി നേതാവ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നാളെ നടക്കുന്ന വിശാല പ്രതിപക്ഷ യോഗം ഏറെ നിര്‍ണായകമാകുമെന്ന് ജെ.ഡി.യു വക്താവും നിതീഷ് കുമാറിന്റെ ഉപദേശകനുമായ കെ.സി ത്യാഗി പറഞ്ഞു. ‘ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ നാളെ ചര്‍ച്ച നടത്തും,’ അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഒരുമിച്ച് നില്‍കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയുള്ള ചര്‍ച്ചയായിരിക്കും നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.
പ്രാദേശിക പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസിന് വേണ്ടത്ര സ്വീകാര്യത ലഭിക്കുമോയെന്നതാണ് വെല്ലിവിളിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് 15 സീറ്റുകള്‍ വിട്ടുനല്‍കാന്‍ സമാജ് വാദി പാര്‍ട്ടി തയ്യാറായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പശ്ചിമ ബംഗാളില്‍ ആറ് സീറ്റുകളാകും കോണ്‍ഗ്രസിന് ലഭിക്കുകയെന്നാണ് സൂചന. ദല്‍ഹിയില്‍ 3:4 എന്ന ഫോര്‍മുലയില്‍ തീരുമാനത്തിലെത്താണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Opposition unity meeting held tomorrow in patna