സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ജന്മദിനത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും സി.പി.ഐ.എമ്മിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ എതിരാളിയുമായ മമത ബാനര്‍ജി ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റ് ചെയ്യുന്നതെന്തിന്? പ്രത്യേകിച്ചും സി.പി.ഐ.എം നേതാക്കളെയും പ്രവര്‍ത്തകരെയും പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകള്‍ ചുട്ടുകൊന്നുകൊണ്ടിരിക്കുമ്പോള്‍.
അതിലേയ്ക്ക് പോകും മുമ്പ് ഈ 28ന് ഉത്തര്‍പ്രദേശില്‍ നടക്കാന്‍ പോകുന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളെ കുറിച്ച് നമുക്ക് സംസാരിക്കണം. പടിഞ്ഞാറന്‍ യു.പി.യിലെ കൈറാന ലോക്‌സഭ മണ്ഡലവും നൂപൂര്‍ നിയമസഭ മണ്ഡലവും. ഗൊരഖ്പൂര്‍ ലോകസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നിഷാദ് പാര്‍ട്ടി നേതാവ് സജ്ഞയ് നിഷാദ് സ്ഥാനാര്‍ത്ഥിയായി വന്ന അതേ സമവാക്യമാണ് ഏകീകൃത പ്രതിപക്ഷം കൈറാന മണ്ഡലത്തില്‍ പ്രയോഗിക്കുന്നത്. നേരത്തേ ബി.എസ്.പിയിലായിരുന്ന എസ്.പി നേതാവ് തബസും ഹസന്‍ ഏകീകൃത പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി ആര്‍.എല്‍.ഡി.ടിക്കറ്ററില്‍ മത്സരിക്കുന്നു. മരിച്ചുപോയ എം.പി ഹുക്കുംസിങ്ങിന്റെ മകള്‍ മൃഗാംക സിങ്ങാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.
ആര്‍.എസ്.എസ് സൃഷ്ടിച്ചെടുത്ത പടിഞ്ഞാറന്‍ യു.പി. കലാപങ്ങളുടെ ബാക്കി പത്രം മുസ്ലീം-ഹിന്ദു വിഭജനമാണ്. മുസഫര്‍ നഗര്‍ കലാപത്തിന്റെ തോളിലേറിയാണ് കൈറാനയില്‍ ബി.ജെ.പി വിജയിക്കുന്നത്. 16 ലക്ഷത്തിലധികം വോട്ടര്‍മാരുള്ള കൈറാനയില്‍ ആറുലക്ഷത്തോളം മുസ്‌ലീങ്ങളുണ്ട്. അവര്‍ക്കെതിരെ ദളിതരും പിന്നാക്കാക്കാരും ഗുജ്ജറുകളും സൈനികളും ബ്രാഹ്മണരുമെല്ലാം ബി.ജെ.പിയുടെ ഹൈന്ദവവിലാപത്തിന്റെ കീഴില്‍ ഒന്നിച്ചു. അതോടെ പരമ്പരാഗതമായി ജാട്ടുകളുടെ പാര്‍ട്ടിയായ ആര്‍.എല്‍.ഡി അപ്രസക്തരായി. മുസഫര്‍ നഗര്‍ കലാപത്തിന് ശേഷം ജാട്ടുകള്‍ ഒന്നടങ്കം ബി.ജെ.പി പാളയത്തിലാണ്. എന്നാല്‍ ജാട്ട് സമുദായത്തോട് ബി.ജെ.പി യാതൊരു നീതിയും കാണിക്കുന്നില്ല എന്ന കലാപം ഉയര്‍ന്ന് വന്നിട്ടും കാലം കുറേയായി.
ഇപ്പോള്‍ ഒരു ചോദ്യമാണുള്ളത്. ആര്‍.എല്‍.ഡി എന്ന ജാട്ട് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുസ്‌ലീം സ്ത്രീക്ക് കൈറാന മണ്ഡലത്തിലെ ഒന്നരലക്ഷത്തോളം വരുന്ന ജാട്ട് ജനത വോട്ടുചെയ്യുമോ? വോട്ടു ചെയ്യുമെങ്കില്‍ പടിഞ്ഞാറന്‍ യു.പിയിലെ സമവാക്യങ്ങള്‍ മാറി മറയുന്നുവെന്നാണ് അര്‍ത്ഥം.
ബി.ജെ.പി സൃഷ്ടിച്ചെടുത്ത ജാട്ട്-മുസ്‌ലീം വിരോധം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ബി.എസ്.പിയുടെ പിന്തുണ തബസും ഹസനുണ്ട് എന്ന് ശ്രദ്ധിക്കണം. മണ്ഡലത്തിലെ രണ്ടരലക്ഷത്തോളം വരുന്ന ദളിതരില്‍ സിംഹഭാഗവും ജാട് വകളാണ്, മായാവതി ഉള്‍പ്പെടുന്ന ശക്തമായ വിഭാഗം. ഒന്നരലക്ഷത്തോളം വരുന്ന ഗുജ്ജറുകളെ സംബന്ധിച്ചടത്തോളം ഇരു സ്ഥാനാര്‍ത്ഥികളും ഗുജ്ജറുകളാണ്. ഒരു മുസ്‌ലീം ഗുജ്ജറും ഒരു ഹിന്ദു ഗുജ്ജറും. ബ്രാഹ്മണാദി മുന്നോക്ക വിഭാഗം വോട്ടുകള്‍ ബി.ജെ.പി നേടിയാലും സംയുക്ത പ്രതിപക്ഷം കൈറാനയില്‍ വിജയിക്കുമോ? ഇതേ സാഹചര്യങ്ങളുള്ള നുപൂര്‍ മണ്ഡലത്തില്‍ ബി.എസ്.പി, കോണ്‍ഗ്രസ്, ആര്‍.എല്‍.ഡി പിന്തുണകളുള്ള എസ്.പി സ്ഥാനാര്‍ത്ഥിക്ക് ബി.ജെ.പിയെ അട്ടിമറിക്കാനാകുമോ? അത് ഭാവിയുടെ ലിറ്റ്മസ് ടെസ്റ്റാണ്.
ഇനി നമുക്ക് മമത ബാനര്‍ജിയിലേയ്ക്ക് തിരിച്ചു പോകാം
കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം കൊടുംവൈരികളായ പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ മുഖ്യശത്രുവിനെ കണ്ട് ഒന്നിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മമതബാനര്‍ജിയുടെ സൗഹൃദശ്രമമെന്ന് വേണം വായിക്കാന്‍. കഴിഞ്ഞ നാല് വര്‍ഷം പ്രതിപക്ഷം എന്നത് ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് ഊര്‍ദ്ധ്വന്‍ വലിക്കുകയായിരുന്നു. പരസ്പരം എതിര്‍ക്കുന്നതിനും പരസ്പരം വിമര്‍ശിക്കുന്നതിനും പരസ്പരം കുതികാല്‍ വെട്ടുന്നതിനും പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ മത്സരിച്ചു.
അതിനിടയില്‍ ബി.ജെ.പി അവരുടെ രാഷ്ട്രീയവും സംഘപരിവാറിന്റെ നയങ്ങളുമായി മുന്നോട്ട് പോയി. ഒരു വര്‍ഷം പോലും ബാക്കിയില്ലാതെ അടുത്ത പൊതുതിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കാലിന്നടിയില്‍ നിന്ന് മണ്ണെത്ര ഒലിച്ചുപോയി എന്ന് ഒരോ പാര്‍ട്ടികള്‍ക്കും ബോധ്യമുണ്ട്. സംഘടിതമായ ഒരു ശ്രമം കൊണ്ട് മാത്രമേ ക്രോണി കാപിറ്റലിസവും ഫാഷിസവും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് അജണ്ടകളെ പ്രതിരോധിക്കാനാവൂ എന്നുമവര്‍ക്കറിയാം.
ആത്മവിശ്വാസത്തിന്റെ അത്യുന്നതിയില്‍ കര്‍ണാടകയിലും സര്‍ക്കാരുണ്ടാക്കാം എന്ന് തീരുമാനിച്ച മുഹൂര്‍ത്തത്തെ ഇപ്പോള്‍ ബി.ജെ.പി ശപിക്കുന്നുണ്ടാകും. കോണ്‍ഗ്രസ്-ജെ.ഡി.എസ് എന്നീ പാര്‍ട്ടികള്‍ സീതാറാം യെച്ചൂരിയും മായാവതിയുമടക്കമുള്ള പ്രതിപക്ഷത്തെ മറ്റ് നേതാക്കളുടെ സഹായത്തോടെ ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുമെന്നും വര്‍ദ്ധിത വീര്യത്തോടെ ആക്രമണ പ്രതിരോധം നടത്തുമെന്നും അവര്‍ കരുതിക്കാണില്ല. നിയമസഭയില്‍ ഭൂരിപക്ഷം തെളിയാക്കാന്‍ ആകാതെ നാണം കെട്ട് യെദ്യൂരപ്പയും കൂട്ടരും ദേശീയഗാനത്തെ പോലും പുച്ഛിച്ച് ഇറങ്ങിപ്പോകുമ്പോള്‍ പ്രതിപക്ഷ നിരയിലെ പാര്‍ട്ടികള്‍ അത്ഭുതകരമായ ഒരു സാധ്യത തുറന്നതായി കണ്ടു. ആ സാധ്യതയാണ് യോജിപ്പിന്റെ സാധ്യത.
മനുഷ്യരെ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് ബി.ജെ.പിയുടെ അടിസ്ഥാന രാഷ്ട്രീയായുധമെന്ന് ഹൈന്ദവ തീവ്രവാദ രാഷ്ട്രീയത്തെ കുറേകാലമായി നോക്കിക്കാണുന്ന ആര്‍ക്കുമറിയാം. അസംതൃപ്തിയുടെയും പരസ്പരമാത്സര്യത്തിന്റേയും വിരോധത്തിന്റേയും വിത്തുകള്‍ സമൂഹത്തില്‍ വിതറുകയാണ് അവരെന്നും ചെയ്യുക. ഉദാഹരണത്തിന് 11-ാം നൂറ്റാണ്ടില്‍ ഉത്തര്‍പ്രദേശിലെ ബൈറൂച്ച ജില്ലയില്‍ ഗാസി സെയ്ദ് സലാര്‍ മസൂദ് എന്ന ഒരു മുസ്‌ലിം രാജാവ് ആക്രമണം നടത്തിയിട്ടുണ്ടെന്ന കഥയായിരുന്നു കഴിഞ്ഞ യു.പി. തിരഞ്ഞെടുപ്പ് കാലത്ത് ദളിത് കോളനികളിലെ ബി.ജെ.പി പ്രചരണകഥകളില്‍ പ്രധാനം, ഈ ആക്രമത്തെ ചെറുത്തത് സുഹേല്‍ദേവ് എന്ന ഒരു ഗോത്രത്തലവന്‍ ആയിരുന്നുവെന്നും പറയുന്നു.
ഈ സുഹേല്‍ ദേവ് പാസി എന്ന ദളിത് വംശജനാണ് എന്നാണ് ബി.ജെ.പി പ്രചരണത്തില്‍ വിതരണം ചെയ്യുന്ന ബാദുഷയും രാജാവും എന്ന പുസ്തകം പറയുന്നത്. ഒറ്റ വെടിക്ക് രണ്ട് പക്ഷിയാണ്. ഒന്ന് മുസ്‌ലീങ്ങളുടെ ആക്രമണത്തെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചെറുക്കാന്‍ ദളിതര്‍ മുന്നോട്ട് വന്നിരുന്നു എന്നത്, രണ്ട് യു.പിയിലെ ദളിത് സമൂഹത്തിനിടയില്‍ എണ്ണം കൊണ്ട് ജാട് വകള്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ള പാസികള്‍ക്ക്, മായാവതി സര്‍ക്കാരിന്റെ കാലത്ത് അര്‍ഹതപ്പെട്ട അംഗീകാരം ലഭിച്ചില്ല എന്ന പരാതിയുണ്ടായിരുന്നതിനായില്‍ പാസികളുടെ രക്ഷക വേഷത്തില്‍ ബി.ജെ.പിക്ക് അവതരിക്കാം എന്നുള്ളത്. പാസികളും ജാട് വകളും തമ്മില്‍ അകറ്റാന്‍ ജാട് വ ഇതര ദളിത് സമൂഹങ്ങളും മുസ്‌ലീങ്ങളും തമ്മില്‍ അകറ്റാന്‍ ഈ പ്രചരണ പരിപാടികള്‍കൊണ്ട് ഫലപ്രദമായി അവര്‍ക്ക് സാധിച്ചു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അവര്‍ നേടിയ വിജയവും അവരുടെ തന്ത്രവും മനസിലാക്കി ഏറ്റവുമാദ്യം പ്രതികരിച്ച നേതാക്കളില്‍ ഒരാള്‍ ലാലുപ്രസാദ് യാദവായിരുന്നു. (ജനാര്‍ദ്ദനന്‍ റെഡ്ഢിയും കരുണാകര റെഡ്ഢിയും പരസ്യമായി കുതിരക്കച്ചവടം നടത്തുകയും ശ്രീരാമലു ഉപമുഖ്യമന്ത്രിയാകുമെന്ന് ബി.ജെ.പി അറിയിക്കുകയും പിയൂഷ് ഗോയലും അമിത്ഷായുമൊക്കെ ഭരണപാര്‍ട്ടിയെ നയിക്കുകയും ചെയ്യുന്ന കാലത്ത് ലാലുപ്രദാസ് അഴിമതിക്കേസില്‍ ജയിലിലാണ് എന്നതും ബാബ്രിപള്ളി തകര്‍ക്കാനുള്ള കലാപകാലത്ത് രഥയാത്ര നടത്തിയ അദ്വാനിയെ അറസ്റ്റ് ചെയ്തയാളാണ് ലാലുപ്രസാദ് എന്നും കൂട്ടിവായിക്കണം.)
ബദ്ധശത്രുവായ നിതീഷുമായി തിരഞ്ഞെടുപ്പിന് മുമ്പ് ഐക്യം ഉണ്ടാക്കാന്‍ ഏറ്റവും അധികം ശ്രമിച്ചത് ലാലുവായിരുന്നു. ബി.ജെ.പിയുമായി തെറ്റിയിരുന്ന നിതീഷാകട്ടെ ഭരണത്തില്‍ തിരിച്ചുകയറുന്നതിന് ലാലുവിന്റെയും ആര്‍.ജെ.ഡിയുടേയും സഖ്യം പ്രധാനമാണെന്ന് മനസിലാക്കി.
നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചരണവും ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മതിമൂര്‍ഛയിലാണ്ടിരുന്ന ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് ബീഹാര്‍ ആര്‍.ജെ.ഡി-ജെ.ഡി.യു സഖ്യം പിടിച്ചെടുത്തതും ചരിത്രം. ജെ.ഡി.യുവിനേക്കാള്‍ സീറ്റ് ആര്‍.ജെ.ഡി നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിനായി അവര്‍ ഒരു അവകാശവാദവും ഉന്നയിച്ചില്ല. അതേ കാലത്ത് തന്നെ എസ്.പിയോടും ബി.എസ്.പിയോടും ഒന്നിക്കണമെന്ന് ലാലുപ്രസാദ് യാദവ് ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയില്‍ രാഷ്ട്രീയ വൈര്യത്തില്‍ ഒരു പക്ഷേ സി.പി.ഐ.എം-തൃണമൂല്‍ വൈരത്തേക്കാള്‍ വലുതാണ് എസ്.പിയും ബി.എസ്.പിയും തമ്മിലുള്ളത്. രക്തപങ്കിലവും വെറുപ്പിന്റെയും തീക്ഷ്ണമായ
അപമാനങ്ങളുടേയും ചരിത്രമുള്ളത്. ജയലളിത-കരുണാനിധി പോരിനോളം പോന്നത്.
ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാഗത്ത് നിന്ന് അത്തരമൊരു നീക്കമുണ്ടായെങ്കിലും അത് ഫലപ്രദമായില്ല. എസ്.പിയും ബി.എസ്.പിയും പരസ്പരം മത്സരിച്ചു. ബി.ജെ.പി ഉത്തര്‍പ്രദേശ് തൂത്തുവാരി. മുസഫര്‍ നഗര്‍ കലാപവും തുടര്‍ന്നുള്ള കലാപങ്ങളും ബി.ജെ.പിക്ക് ബാലികേറാ മലയായിരുന്ന പടിഞ്ഞാറന്‍ യു.പി.അവര്‍ അവരുടെ ഏറ്റവും വലിയ സാമ്രാജ്യമാക്കി മാറ്റി. ആര്‍.എല്‍.ഡി എന്ന ജാട്ട് പാര്‍ട്ടി അപ്രസക്തമായി.
ഈ സാഹചര്യങ്ങള്‍ക്കൊരന്ത്യമുണ്ടാകുന്നത്, ഈ മാര്‍ച്ചില്‍ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളില്‍ ഒന്നിച്ച് നില്‍ക്കാന്‍ എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസും തീരുമാനിച്ചതോടെയാണ്. മുഖ്യമന്ത്രി ആദിത്യനാഥ് ഒഴിച്ചിട്ട ഗൊരഖ്പൂരും ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ ഒഴിച്ചിട്ട ഫുല്‍പൂരും പ്രതിപക്ഷം ബി.ജെ.പിയില്‍ നിന്ന് തട്ടിയെടുത്തത് ഉണ്ടാക്കിയ ആത്മവിശ്വാസം ചില്ലറയല്ല. ആ ആത്മവിശ്വസമാണ് കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ച പ്രതിപക്ഷത്തിന്റെ മഹാ ഐക്യത്തില്‍ കണ്ടത്.
സോണിയഗാന്ധിയും മായാവതിയും കെട്ടിപ്പിടിച്ച് നിന്നു. അഖിലേഷ് യാദവും സീതാറാം യെച്ചൂരിയും രാഹുല്‍ഗാന്ധിക്കൊപ്പം ചേര്‍ന്ന് നിന്നു. മമതബാനര്‍ജിക്ക് സീതാറാം യെച്ചൂരി കൈകൊടുത്തു. അജിത്സിങ്ങ്, ചന്ദ്രബാബു നായിഡു, പിണറായി വിജയന്‍, അരവിന്ദ് കെജ്രിവാള്‍, തേജസ്വിനി യാദവ് എന്നിവര്‍ ചടങ്ങിനെത്തി.
പ്രധാന പ്രതിപക്ഷ പാര്‍ട്ടികളില്‍ ഒറീസ മുഖ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നവീന്‍ പട്നായക് മാത്രമാണ് ഈ ചടങ്ങിനെത്താതിരുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയായിരുന്ന തെലുങ്കാന മുഖ്യമന്ത്രിയും തെലുങ്കാന രാഷ്ട്രസമിതി നേതാവുമായ ചന്ദ്രശേഖര റാവു തന്റെ അടുത്ത സഹപ്രവര്‍ത്തര്‍ക്കൊപ്പം ചാര്‍ട്ടേഡ് വിമാനത്തില്‍ തലേദിവസമെത്തി കുമാരസ്വാമിയേയും ദേവഗൗഡയേയും കണ്ട് ആശംസകള്‍ അര്‍പ്പിച്ചു. തൂത്തുക്കുടി പ്രക്ഷോഭത്തിലായതിനാല്‍ മാത്രമാണ് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്താതിരുന്നത്.
ഈ ഐക്യം തുടര്‍ന്നുള്ള കാലത്ത് മുന്നോട്ട് പോവുകയാണെങ്കില്‍ തീര്‍ച്ചയായും ബി.ജെ.പിക്ക് ഭയക്കേണ്ടി വരും. ആ ഭയം കഴിഞ്ഞ ദിവസം അമിത്ഷായുടെ പത്രസമ്മേളനം മുതലുള്ള ബി.ജെ.പിയുടെ ഒരോ പ്രവര്‍ത്തികളിലും കാണാവുന്നതുമാണ്. ഈ ഐക്യത്തില്‍ വിള്ളലുണ്ടാക്കുകയാകും വരും കാലത്ത് അവരുടെ ശ്രമവും.
വീണ്ടും നമുക്ക് പശ്ചിമബംഗാളിലേയ്ക്കും മമതബാനര്‍ജിയിലേയ്ക്കും തിരിച്ചുപോകാം. ആ ട്വീറ്റുകൊണ്ട് പശ്ചിമബംഗാളില്‍ വെടിനിര്‍ത്തലോ, വെള്ളക്കൊടി വീശലോ മമത ലക്ഷ്യമിടുന്നുണ്ടോ, ഇല്ല. ഒരിക്കലുമില്ല. സി.പി.ഐ.എമ്മിനെ കൊന്നുതീര്‍ക്കലാണ് അവരുടെ ലക്ഷ്യം. അവര്‍ക്കാവശ്യം തൃണമൂലും ബി.ജെ.പിയും മാത്രം പശ്ചിമബംഗാളില്‍ അവശേഷിക്കലാണ്.
പുരോഗമന വിശ്വാസികളായ ഹൈന്ദവര്‍, മുസ്‌ലീങ്ങള്‍ എന്നിവര്‍ ഒരിടത്തും ഹൈന്ദവതയുടെ മുറവിളിക്കാര്‍ അപ്പുറത്തുമായി മാറുക. സി.പി.ഐ.എം ഭരിച്ചിരുന്ന പോലെ കാലാകാലം പശ്ചിമബംഗാള്‍ ഭരിക്കുക അതെല്ലാമാണ് അവരുടെ ലക്ഷ്യം. വടക്കും തെക്കും 24 പര്‍ഗാനകള്‍, കിഴക്കും പടിഞ്ഞാറും മിഡ്നാപൂരുകള്‍, ബര്‍ദ്ധ്മാന്‍, കലിംപോങ് തുടങ്ങി സി.പി.ഐ.എമ്മിന്റെ പഴയ ശക്തികേന്ദ്രങ്ങളിലെ മുസ്‌ലീം വോട്ടുകള്‍ എന്നേന്നേക്കും നേടുക, സി.പി.ഐ.എമ്മിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് രക്തത്തില്‍ മുക്കിയാണെങ്കിലും തടയുക. ഇതെല്ലാമാണ് അവരുടെ പദ്ധതി.
പക്ഷേ, സ്വാഭാവികമായും ബി.ജെ.പി വിമുക്ത ഇന്ത്യയ്ക്ക് വേണ്ടിയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തില്‍ സി.പി.ഐ.എം ഉണ്ടെങ്കിലും മമതബാനര്‍ജിയും തൃണമൂലുമുണ്ടാകും, പശ്ചിമബംഗാളിലെ ക്രൂരമായ ചേരിപ്പോരും സി.പി.ഐ.എം ഉന്മൂലനശ്രമങ്ങളും അതിന് തടസമല്ല എന്ന പ്രഖ്യാപനമാണ് ആ ട്വീറ്റ്.
എന്നാല്‍ സി.പി.ഐ.എം ഇല്ലാത്ത പ്രതിപക്ഷ ഐക്യത്തിന് മമതയ്ക്ക് മുന്‍കൈയ്യെടുത്തുകൂടെ? ഇല്ല. അതിന് മമത എന്നല്ലാ ആരും മുതിരില്ല. കാരണം അത് സങ്കീര്‍ണ്ണവും വിവിധ തലത്തില്‍ ക്ഷമയും നിശ്ചയദാര്‍ഢ്യവും ആവശ്യവുമുള്ള കാര്യമാണ്. നയതന്ത്രജ്ഞത രക്തത്തിലുള്ള നേതാക്കള്‍ക്കേ അതിന് കഴിയൂ. അതുകൊണ്ട് ഒന്നാം യു.പി.എ ഉണ്ടാക്കാനായി ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത് എന്തുചെയ്തുവോ ആ ജോലി സീതാറാം യെച്ചൂരി ചെയ്യുമെന്നതാണ് കര്‍ണാടകയിലെ കുമാരസ്വാമി മന്ത്രിസഭയും തുടര്‍ന്നുള്ള സംഭവവികാസങ്ങളും നമ്മളോട് പറയുന്നത്.