മുംബൈ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ മഹാരാഷ്ട്ര സന്ദര്‍ശനത്തിനെത്തിയ മമത സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം ശിവസേന നേതാവ് ആദിത്യ താക്കറെയുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ ഒരുങ്ങുകയാണ് മമത.
ഇതിനായി ബി.ജെ.പി ഇതര കക്ഷികളുമായി മമത നേരിട്ട് ചര്‍ച്ച നടത്തുന്നുണ്ട്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി വിരുദ്ധ കക്ഷികളെ ഒന്നിപ്പിക്കുകയെന്നതാണ് മമതയുടെ ലക്ഷ്യം.
അതേസമയം പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് വിളിക്കുന്ന പ്രതിപക്ഷയോഗങ്ങളില്‍ നിന്ന് തൃണമൂല്‍ വിട്ടുനില്‍ക്കുകയാണ്. പല സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് മമത.
മേഘാലയയിലെ 17 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 12 പേരും കഴിഞ്ഞ ദിവസം തൃണമൂലില്‍ ചേര്‍ന്നിരുന്നു. അസം, യു.പി, ഗോവ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെ തൃണമൂല്‍ അടര്‍ത്തിയിട്ടുണ്ട്.
ബംഗാള്‍ നിയമസഭയില്‍ നേടിയ മിന്നും വിജയത്തിന് ശേഷം സംസ്ഥാനത്തിന് പുറത്തേക്ക് സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്വയം വികസിക്കാന്‍ തൃണമൂല്‍ തീരുമാനിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Opposition unity: All eyes on Didi’s meeting with Pawar on Wednesday