കോഴിക്കോട്: അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ ആളുകള്‍ എതിര്‍ക്കുന്നതിന്റെ കാരണം മതിയായ നഷ്ടപരിഹാരം കിട്ടാത്താതാണെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം തള്ളി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്‌ല. നഷ്ടപരിഹാരം കിട്ടാത്തതല്ല പദ്ധതിയെ എതിര്‍ക്കുന്നതിന്റെ കാരണമെന്ന് ധാവ്‌ല പറഞ്ഞു.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നതെന്നും കര്‍ഷകരുടെ ഭൂമി പദ്ധതിക്കായി വിട്ട് നല്‍കില്ലെന്നും അശോക് ധാവ്‌ല പറഞ്ഞു.
പരിസ്ഥിതിയെ നശിപ്പിക്കുന്ന ഒരു പദ്ധതിയേയും അനുവദിക്കില്ല. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം മാത്രം നല്‍കുന്നതല്ല ഇവിടെ പ്രശ്‌നം. കര്‍ഷകര്‍ക്ക് ഒരിക്കലും അവരുടെ ഭൂമി രണ്ടായി വിഭജിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”കര്‍ഷകര്‍ക്ക് അവരുടെ ഭൂമിയെ വിഭജിക്കാന്‍ താല്‍പര്യമില്ല. ഒരിക്കല്‍ ഭൂമി നഷ്ടപ്പെട്ടാല്‍ അത് തിരികെ കിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. കൂടാതെ, ഏതെങ്കിലും വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരമായിരിക്കണം അത് ചെയ്യേണ്ടത്. പദ്ധതിക്ക് ജനങ്ങളുടെ ഭാഗത്തുനിന്ന് കാര്യമായ പിന്തുണയില്ലെങ്കില്‍ അതവരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്,’ ധാവ്‌ല പറഞ്ഞു.
അഹമ്മദാബാദില്‍ ബുള്ളറ്റ് ട്രെയിനിനെ ആളുകള്‍ എതിര്‍ക്കുന്നതിന്റെ കാരണം മതിയായ നഷ്ടപരിഹാരം കിട്ടാത്തതാണെന്നായിരുന്നു കോടിയേരി പറഞ്ഞിരുന്നത്.
ഭൂമിക്ക് മാര്‍ക്കറ്റ് വിലപോലും കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും ആദിവാസികളെ തുച്ഛമായ പണം കൊടുത്ത് കുടിയൊഴിപ്പിക്കുന്നുവെന്ന പ്രശ്‌നമാണ് സി.പി.ഐ.എം ഉയര്‍ത്തുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
സ്ഥലമേറ്റെടുക്കുമ്പോള്‍ ന്യായമായ പണം കൊടുക്കണം ഇത് ചെയ്യാത്തതുകൊണ്ടാണ് മഹാരാഷ്ട്രയില്‍ സി.പി.ഐ.എം പ്രതിഷേധിക്കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു.