നീറ്റ് പ്രക്ഷോഭം ശക്തമാക്കാന്‍ ഇന്ത്യാ മുന്നണി; ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി പ്രമേയം അവതരിപ്പിക്കും
national news
നീറ്റ് പ്രക്ഷോഭം ശക്തമാക്കാന്‍ ഇന്ത്യാ മുന്നണി; ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി പ്രമേയം അവതരിപ്പിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th June 2024, 7:06 pm

ന്യൂദല്‍ഹി: നീറ്റ് വിഷയത്തില്‍ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ഇന്ത്യാ മുന്നണി. വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കും.

ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രമേയം അവതരിപ്പിക്കുമെന്ന് ഇന്ത്യാ സഖ്യം വ്യാഴാഴ്ച അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യകക്ഷികളുടെ യോഗത്തിലാണ് തീരുമാനം.

നീറ്റ്, പണപ്പെരുപ്പം, തൊഴിലില്ലായ്മ, സി.ബി.ഐ, ഇ.ഡി, ഗവര്‍ണറുടെ ഓഫീസ് എന്നിവയുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാനാണ് തീരുമാനം.

ചില വിഷയങ്ങള്‍ ഇന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്തു. രാഷ്ട്രപതിയുടെ പ്രസംഗമായാലും സ്പീക്കര്‍ തെരഞ്ഞെടുപ്പായാലും പാര്‍ലമെന്റില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് യോഗത്തിന് ശേഷം പറഞ്ഞു.

അതിനിടെ, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യപ്രതി അടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തതായി സിബി.ഐ അറിയിച്ചു. കേസ് ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് സി.ബി.ഐ അറസ്റ്റിലേക്ക് കടക്കുന്നത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യ പ്രതികളിലൊരാളായ മനീഷ് പ്രകാശും ഇയാളുടെ സുഹൃത്ത് അശുതോഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് സി.ബി.ഐ അറിയിച്ചു.

Content Highlight: Opposition to bring adjournment motions on NEET in both houses of parliament