Kerala News
വികസന വിവാദങ്ങള്‍ക്കിടെ ഇന്‍വെസ്റ്റ് കേരള സമ്മിറ്റില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 18, 02:16 pm
Tuesday, 18th February 2025, 7:46 pm

തിരുവനന്തപുരം: വികസന വിവാദങ്ങള്‍ക്കിടയില്‍ ഇന്‍വെസ്റ്റ് കേരള സമ്മിറ്റില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുക്കും.

എന്തിനെയും കണ്ണടച്ച് എതിര്‍ക്കില്ല, ഊതിപ്പെരുപ്പിച്ച കണക്കുകളെ മാത്രം എതിര്‍ക്കുമെന്നും പ്രതിപക്ഷം അറിയിച്ചു. കൊച്ചിയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഇന്‍വെസ്റ്റ് കേരള സമ്മിറ്റ് നടക്കുന്നത്.

ഇന്‍വെസ്റ്റ് സമ്മിറ്റിന്റെ ഉദ്ഘാടന ദിവസം പ്രതിപക്ഷ നേതാവും രണ്ടാമത്തെ ദിവസം പ്രതിപക്ഷ ഉപനേതാവും പരിപാടിയില്‍ പങ്കെടുക്കും.

നവകേരള സദസ് ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ വികസന പരിപാടികളില്‍ നിന്ന് പിന്മാറിയ പ്രതിപക്ഷം ഇത്തവണ നിര്‍ണായകമായ തീരുമാനമാണ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ എഴുതിയ, കേരളത്തിലെ വ്യവസായരംഗത്തെ വികസനം സംബന്ധിച്ച ലേഖനം വിവാദമായിരുന്നു.

വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി. എം.എം. ഹസന്‍, കെ. മുരളീധരന്‍ തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ തരൂരിനെതിരെ പരസ്യമായും പരോക്ഷമായും പ്രതികരിക്കുകയുണ്ടായി.

സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയുള്ളതാണ് തരൂരിന്റെ ലേഖനമെന്നായിരുന്നു വിമര്‍ശനം. കേരളത്തിലെ വ്യവസായരംഗത്ത് ഉണ്ടായ മാറ്റങ്ങളില്‍ യു.ഡി.എഫ് സര്‍ക്കാരുകളും നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ഭാഗം.

2024ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്നാണ് തരൂര്‍ ലേഖനത്തില്‍ പറയുന്നത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയതോടെ തരൂരിനെ പിന്തുണച്ച് ഭരണകക്ഷിയിലെ നേതാക്കളും പ്രതികരിച്ചിരുന്നു.

വിവാദത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തരൂരിനെ ദല്‍ഹിയിലേക്ക് വിളിച്ച് വരുത്തുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

ഇതിനിടെയാണ് ഇന്‍വെസ്റ്റ് സമ്മിറ്റില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

Content Highlight: Opposition to attend Invest Kerala Summit amid development controversy