| Monday, 19th July 2021, 9:19 am

പാര്‍ലമെന്റ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് തന്ത്രം മാറ്റി പ്രതിപക്ഷം; പെഗാസസ് ചോര്‍ത്തലില്‍ അടിയന്തരപ്രമേയത്തിന് ഇരുസഭകളിലും നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇസ്രഈല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസ് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബിനോയ് വിശ്വം എം.പിയാണ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്.

ലോക്സഭയില്‍ എന്‍.കെ. പ്രേമചന്ദ്രനും നോട്ടീസ് നല്‍കി. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ഷകസമരവും ഇന്ധനവില വര്‍ധനയും പാര്‍ലമെന്റില്‍ ഉന്നയിച്ച് വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനായിരുന്നു പ്രതിപക്ഷം നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പെഗാസസ് ആയുധമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മോദി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും നാല്‍പ്പത്തിലേറെ മാധ്യമപ്രവര്‍ത്തകരുടേയും ചില വ്യവസായികളുടേയും ഫോണുകളും ചോര്‍ത്തിയതായാണ് പുറത്തു വരുന്ന വിവരം.

രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസ്, ദി വയര്‍, ഇന്ത്യാ ടുഡേ, നെറ്റ് വര്‍ക്ക് 18, ദി ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളുടെ ഫോണുകളാണ് ചോര്‍ത്തിയിരിക്കുന്നത്.

ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്‌വേര്‍ഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍ , ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ , ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.

പെഗാസസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോര്‍ത്തിയത് എന്നാണ് നിലവില്‍ പുറത്തു വരുന്ന വിവരം.

പല രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ തന്നെ ഇസ്രയേല്‍ ചാര സോഫ്റ്റ് വെയര്‍ വിലയ്ക്ക് വാങ്ങി തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോണ്‍ ചോര്‍ത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോര്‍ത്തപ്പെട്ടത്.

2019ലാണ് പെഗാസസ് സോഫ്റ്റ് വെയര്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്‌സ്ആപ്പ് യു.എസ്. ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തില്‍ ഇന്ത്യക്കാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാര്‍ത്തകള്‍ വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Opposition Targets Modi Govt Pegasus Project

We use cookies to give you the best possible experience. Learn more