| Sunday, 17th June 2018, 8:19 am

കെജ്‌രിവാളിന്റെ സമരത്തെ തള്ളി കോണ്‍ഗ്രസ്; സമരം ഏറ്റെടുക്കാനൊരുങ്ങി മറ്റ് പ്രതിപക്ഷ കക്ഷികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടത്തുന്ന സമരം രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ക്ക് തങ്ങളുടെ ഐക്യം കാണിക്കാനുള്ള വേദിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് സമരത്തിനെതിരായാണ് നിലപാടെടുത്തിരിക്കുന്നത്.

നീതി ആയോഗ് യോഗത്തിനു ദല്‍ഹിയിലെത്തിയ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ കെജ്‌രിവാളിനെ  സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കെജ്‌രിവാളിന്റെ വിഷയത്തില്‍ ഒരേ നിലപാടു സ്വീകരിച്ചിരിക്കുകയാണ്.

ബെംഗളൂരുവില്‍ ഈയിടെ എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയപ്പോള്‍ പിണറായിയും മമതയും പരസ്പരം മുഖംകൊടുക്കുന്ന സാഹചര്യം ഒഴിവാക്കിയതു വാര്‍ത്തയായിരുന്നു. ആറു ദിവസമായി അരവിന്ദ് കെജ്‌രിവാളും ആം ആദ്മി സര്‍ക്കാരിലെ മൂന്നു മന്ത്രിമാരും ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ വസതിയില്‍ ധര്‍ണയിലാണ്.


ALSO READ: പിണറായി ഉള്‍പ്പെടെ നാല് മുഖ്യമന്ത്രിമാർ കേജ്‌രിവാളിനെ കാണാനെത്തി


ആം ആദ്മി സര്‍ക്കാര്‍ നല്‍കുന്ന ഉത്തരവുകള്‍ സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്ന ഗുരുതരമായ ആരോപണവും കെജ്‌രിവാള്‍ ഉന്നയിക്കുകയാണ്. മോദിസര്‍ക്കാര്‍ ലഫ്റ്റനന്റ് ഗവര്‍ണറിലൂടെയും ഐ.എ.എസ് ഉദ്യോഗസ്ഥരിലൂടെ ദല്‍ഹിയില്‍ രാഷ്ട്രപതിഭരണം അടിച്ചേല്‍പിച്ചിരിക്കുകയാണെന്നും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.

അതേസമയം മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതും അജയ് മാക്കനും കെജ്‌രിവാളിനെതിരെ പത്രസമ്മേളനം നടത്തിയിരുന്നു. നിലവില്‍ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ നേരിടാന്‍പോകുന്ന പ്രശ്‌നങ്ങളാണ് കെജ്‌രിവാള്‍ തന്റെ സമരത്തിലൂടെ ഉയര്‍ത്തുന്നത്. എതായാലും ആം ആദ്മി പാര്‍ട്ടിയുടെ ഈ നീക്കം ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും കനത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more