ലക്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കൊലപാതക്കേസില്‍ കോടതി നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ കക്ഷികളായ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
“നമ്മുടെ മുഖ്യമന്ത്രി കളങ്കിതനാണ് ഞങ്ങള്‍ക്ക് അറിയാം. ഇപ്പോള്‍ കോടതിയും അത് സമ്മതിച്ചിരിക്കുന്നു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തല്‍ക്ഷണം രാജിവെക്കണം അല്ലാത്തപക്ഷം കേസിലെ ഇരകളെയും സാക്ഷികളെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.” എസ്.പി വക്താവ് സുനില്‍ സിംഗ് സാജന്‍ പറഞ്ഞു.
ALSO READ: ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിലെത്തി കണ്ട് പി.സി ജോര്‍ജ്; ബിഷപ്പിന്റെ കൈമുത്തി വണങ്ങിയെന്നും പി.സി
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പല കേസുകളിലും പ്രതിയാണെന്ന് കോണ്‍ഗ്രസും ആരോപിച്ചു. കോടതി നടപടിയില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് അന്‍ഷു ആവാസ്ഥി പ്രതികരിച്ചു.
സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ യോഗി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും ആവാസ്ഥി കൂട്ടിച്ചേര്‍ത്തു.
“300 ല്‍ കൂടുതല്‍ എം.എല്‍.എമാരുള്ള ബി.ജെ.പിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ കഴിയുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ്.”-ആവാസ്ഥി പറഞ്ഞു.
1999 ല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനത്തിനിടെ നടന്ന വെടിവെയ്പ്പില്‍ സത്യപ്രകാശ് എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് മുഖ്യമന്ത്രിയോട് നേരിട്ട് ഹാജരാകാന്‍ യു.പി സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചത്.
മഹാരാജ്ഗഞ്ചില്‍ നടന്ന പ്രതിഷേധത്തിനിടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം വെടിവെയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് എഫ്.ഐ.ആര്‍. എസ്.പി നേതാവായ താലട്ട് അസീസിന്റെ സ്വകാര്യ സുരക്ഷ ചുമതല വഹിച്ചിരുന്നയാളായിരുന്നു സത്യപ്രകാശ്.
കേസില്‍ വീണ്ടും വിചാരണ ആവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ അസീസ് സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍, ഇത് തള്ളിയതോടെ അദ്ദേഹം ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചു.
തുടര്‍ന്ന് കേസ് വീണ്ടും തുറക്കാന്‍ സെഷന്‍സ് കോടതിയോട് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. മുഖ്യമന്ത്രി ഒരാഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
WATCH THIS VIDEO: