ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള സാധ്യതകള്‍ തേടി പ്രതിപക്ഷ എം.പിമാര്‍. കോണ്‍ഗ്രസ് എം.പിമാരുടെ നേതൃത്വത്തില്‍ ഇതിന് വേണ്ട ഒപ്പു ശേഖരണം ആരംഭിച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബില്‍,ഗുലാം നബി ആസാദ് ഉള്‍പ്പടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പ്രമേയത്തില്‍ ഇതിനോടകം ഒപ്പു വെച്ചതായാണ് സൂചന. ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യുന്നതിനായി കോണ്‍ഗ്രസിന് പുറമെ എന്‍.സി.പി, സി.പി.ഐ.എം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്.
50 എം.പിമാരെങ്കിലും ഒപ്പിട്ടാല്‍ മാത്രമേ ഇംപീച്ച്മെന്റ് പ്രമേയം പരിഗണിക്കുകയുള്ളു. ഈ സമ്മേളനത്തില്‍ തന്നെ ഇംപീച്ച്‌മെന്റ് നടപടികള്‍ നടത്താനാണ് പ്രതിപക്ഷ എം.പിമാരുടെ തീരുമാനമെന്നും ദേശീയ മാാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സുപ്രീംകോടതി കൊളീജിയത്തില്‍ അംഗങ്ങളായ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പരസ്യമായി പ്രതിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്ക് ഇതുവരെ പരിഹാരമായിട്ടില്ല. പരമോന്നത കോടതിയുടെ സ്വതന്ത്ര പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്ന് ഒരു തരത്തിലുള്ള നീക്കവും നടക്കുന്നില്ലെന്നും പ്രതിപക്ഷ എം.പിമാര്‍ പറയുന്നു.
സമാനതകളില്ലാത്ത സംഭവവികാസങ്ങളാണ് കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യന്‍ നീതി ന്യായചരിത്രത്തില്‍ നടന്നത്. സുപ്രീംകോടതിയുടെ ഭരണ സംവിധാനത്തിനും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുമെതിരെ മുതിര്‍ന്ന നാല് ജഡ്ജിമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ പരസ്യമായി വാര്‍ത്താസമ്മേളനം വിളിച്ച് കോടതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളോടുള്ള എതിര്‍പ്പ് തുറന്നടിച്ചത്.
Dool Video