| Tuesday, 1st June 2021, 11:09 am

തീരദേശമേഖലയിലെ ദുരിതത്തിന് പരിഹാരം കാണണമെന്ന് അടിയന്തര പ്രമേയം; അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. കടല്‍ക്ഷോഭമുണ്ടായ തീരമേഖലയ്ക്ക് അടിയന്തര സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്.

നരകതുല്യ ജീവിതമാണ് മത്സ്യതൊഴിലാളികളും തീരദേശവാസികളും നയിക്കുന്നതെന്നും വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പി.സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. പുലിമുട്ടും കടല്‍ഭിത്തിയും കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല പ്രശ്‌നങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ദുരിതമനുഭവിക്കുന്നവര്‍ക്ക് കൊവിഡ് കൂടി വന്നതോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനാകില്ല. ചെല്ലാനത്ത് ജിയോ ട്യൂബ് പദ്ധതി പരാജയമായിരുന്നു. അത്തരം പദ്ധതി ശംഖുമുഖത്ത് കൊണ്ട് വന്നിട്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു. ശംഖുമുഖം റോഡ് പൂര്‍ണമായും തകര്‍ന്നു. തീരപ്രദേശങ്ങളില്‍ മാസ് വാക്‌സിനേഷന്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീരമേഖലയില്‍ ദുരന്തം ദുരിതമായി പെയ്തിറങ്ങുന്നുവെന്നും ഭീതിയോടെയാണ് അവിടെയുള്ള ജനത കഴിയുന്നതെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഒമ്പത് തീരദേശ ജില്ലകള്‍ തകര്‍ന്നു. തീരദേശ മേഖലയ്ക്ക് 12,000 കോടി രൂപ കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും 12 രൂപയുടെ പണി പോലും നടത്തിയില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

വിവിധ മണ്ഡലങ്ങളില്‍ പദ്ധതികളുണ്ടെങ്കിലും അവയൊന്നും എവിടെയും എത്തുന്നില്ല. ചെല്ലാനത്ത് ജിയോ ട്യൂബ് ഇടാന്‍ റോഡ് പണിക്കാരനെയാണ് ഏല്‍പ്പിച്ചതെന്നും സതീശന്‍ പറഞ്ഞു.

ഗൗരവമായ വിഷയമാണ് ഉന്നയിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. എന്നാല്‍ സംസ്ഥാനത്തിന് മാത്രം പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ലെന്നും അഞ്ച് വര്‍ഷം കൊണ്ട് കടലാക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള കടല്‍ തീരം പൂര്‍ണ്ണമായും സംരക്ഷിക്കും. ജിയോ ട്യൂബിന്റെ കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ട്. സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. കെടുകാര്യസ്ഥതയല്ല ശംഖുമുഖത്ത് ഉണ്ടായത്. ഫലപ്രദമായ നടപടി സ്വീകരിക്കും. കേരളത്തിന്റെ സൈന്യമായിട്ടാണ് മത്സ്യത്തൊഴിലാളികളെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മാറി താമസിക്കാന്‍ കുറച്ച് പേര്‍ തയ്യാറാവുന്നില്ലെന്നും അതിനെ പ്രോത്സാഹിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Opposition stages walks out as the permission denied to resolution  on coastal issues in Kerala

We use cookies to give you the best possible experience. Learn more