Kerala News
"പറയാന്‍ എനിക്ക് മനസില്ല, കടക്ക് പുറത്ത്"; പി.ടി. തോമസിനോട് 'മുഖ്യമന്ത്രിയായ' ലീഗ് എം.എല്‍.എ പി.കെ. ബഷീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th August 2021, 1:24 pm

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ നിയമസഭക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി സമാന്തര നിയമസഭ നടത്തി പ്രതിപക്ഷം. മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീര്‍ സമാന്തര നിയമസഭയില്‍ മുഖ്യമന്ത്രിയായി.

ലീഗ് എം.എല്‍.എയായ എന്‍. ഷംസുദ്ദീന്‍ സ്പീക്കറായി. പ്രതിഷേധസംഗമത്തില്‍ വെച്ച് എം.എല്‍.എ പി.ടി. തോമസ് അടിയന്തര പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങി പ്രമുഖ നേതാക്കളെല്ലാവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡോളര്‍ കടത്തിയെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം സ്പീക്കര്‍ എം.ബി. രാജേഷ് തള്ളിയതിനെ തുടര്‍ന്നായിരുന്നു പ്രതിപക്ഷം പ്രതിഷേധത്തിലേക്ക് കടന്നത്.

പി.ടി. തോമസായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്. തെറ്റുകാരനല്ലെങ്കില്‍ ഈ അടിയന്തര പ്രമേയത്തിന് നല്‍കുന്ന മറുപടിയിലൂടെ മുഖ്യമന്ത്രിക്ക് തന്റെ ഭാഗം വിശദീകരിക്കാനാകുമെന്നും പ്രതിപക്ഷം പറഞ്ഞിരുന്നു.

എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അടിയന്തര പ്രമേയം കൊണ്ടുവന്ന് ചര്‍ച്ച നടത്താനാകില്ലെന്നായിരുന്നു സ്പീക്കറുടെയും നിയമന്ത്രിയുടെയും മറുപടി.

സ്വാശ്രയ കോളേജ്, ശബരിമല യുവതീ പ്രവേശനം തുടങ്ങിയ വിഷയങ്ങള്‍ കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് അനുമതി നല്‍കണമെന്നും വീണ്ടും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ തള്ളുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം സഭക്ക് പുറത്തുപോയതും സമാന്തര നിയമസഭ നടത്തിയതും. ഇതില്‍ അവതരിപ്പിച്ച പ്രതീകാത്മക അടിയന്തര പ്രമേയത്തില്‍ പ്രതികളുടെ മൊഴികള്‍ മുഖ്യമന്ത്രിക്ക് എതിരാണെന്നും അദ്ദേഹം വിദേശ നാണയ ചട്ടം ലംഘിച്ചുവെന്ന് വ്യക്തമാക്കുന്നതാണെന്നും പി.ടി. തോമസ് പറഞ്ഞു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയെ പോലെ അഭിനയിച്ചുകൊണ്ട് പി.കെ. ബഷീര്‍ മറുപടി നല്‍കി.

‘സാര്‍, ഇതിന് മറുപടി പറയാന്‍ എനിക്ക് മനസില്ല, കാരണം ഇതൊരു ദുരാരോപണമാണ്. അതുകൊണ്ട് തന്നെ അടിയന്തര പ്രമേയം അവതരിപ്പിച്ച അംഗം പുറത്തുപോകണമെന്നാണ് എനിക്ക് പറയാനുള്ളത്. കടക്ക് പുറത്ത് എന്നാണ് എനിക്ക് പറയാനുള്ളത്,’ എന്നായിരുന്നു പി.കെ. ബഷീറിന്റെ വാക്കുകള്‍.

നേരത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സമാന്തര പാര്‍ലമെന്റ് നടത്തിയിരുന്നു. ഈ രീതി കോണ്‍ഗ്രസ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതായാണ് പുതിയ പ്രതിഷേധ നടപടികള്‍ സൂചിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlight: Opposition stages mock assembly as part of protest and P K Basheer MLA mimics CM Pinarayi Vijayan