ചരിത്രം അപൂര്‍വമായി മാത്രമേ ഇത്തരം അടിയന്തരാവസ്ഥ ആവശ്യപ്പെടുന്നുള്ളൂ,  ജനാധിപത്യത്തിനും രാജ്യത്തിനും പ്രതിപക്ഷ ഐക്യം ആവശ്യമാണ്: ശരത് യാദവ്
national news
ചരിത്രം അപൂര്‍വമായി മാത്രമേ ഇത്തരം അടിയന്തരാവസ്ഥ ആവശ്യപ്പെടുന്നുള്ളൂ,  ജനാധിപത്യത്തിനും രാജ്യത്തിനും പ്രതിപക്ഷ ഐക്യം ആവശ്യമാണ്: ശരത് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd June 2022, 8:42 pm

ന്യൂദല്‍ഹി: ജനാധിപത്യത്തിനും ഭരണഘടനയ്ക്കും പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ആവശ്യമാണെന്ന് മുന്‍ എം.പിയും ആര്‍.ജെ.ഡി നേതാവുമായ ശരത് യാദവ്. ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ചരിത്രം ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമെ ഇത്തരം ഐക്യം ആവശ്യപ്പെടുന്നുള്ളു. നിലവില്‍ രാജ്യത്തിനും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും പ്രതിപക്ഷ ഐക്യം അത്യാവശ്യമാണ്. പ്രതിപക്ഷ ഐക്യം ഉടന്‍ നടപ്പിലാകേണ്ടതുണ്ടെന്ന് രാഹുല്‍ ഗാന്ധിയോട് പറഞ്ഞിരുന്നു. കാരണം ഇന്ന് ജനാധിപത്യത്തിന്  അത് അത്യാവശ്യമാണ്,’ യാദവ് പറഞ്ഞു.

പ്രതിപക്ഷ ഐക്യം നടപ്പിലാകാത്തതിന് പിന്നില്‍ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെടാവുന്ന പ്രധാനമന്ത്രിയില്ലാത്തത് ഒരു കാരണമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പ്രതിപക്ഷ ഐക്യവുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ പലതവണ വിഫലമായിട്ടുണ്ട്. ഇത് നിരന്തരവും കഠിനവുമായ പരിശ്രമം വേണ്ട കാര്യമാണ്. നിലവില്‍ ഇത് കാലഘട്ടത്തിന്റെ ആവശ്യമായതിനാല്‍ തീര്‍ച്ചയായും പരിശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്.

ഇതൊന്നും പ്രാബല്യത്തില്‍ വരാത്തതിന് സമവായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലെന്നത് ഒരു കാരണമായി ചൂണ്ടിക്കാട്ടാന്‍ സാധിക്കില്ല. അങ്ങനെയാണങ്കില്‍ അടിയന്തരാവസ്ഥകാലത്ത് സമവായ പ്രതിപക്ഷ നേതാവും ഉണ്ടായിരുന്നില്ലല്ലോ,’ യാദവ് കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള സര്‍ക്കാര്‍ എന്ത് ചെയ്തുവെന്നോ എന്ത് ചെയ്തേക്കാമെന്നോ ചെയ്യുന്നുണ്ടെന്നോ ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യമില്ല. പകരം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടത്. ഇതിലൂടെ ഭരണകക്ഷിയുടെ പ്രവര്‍ത്തനത്തില്‍ പരിശോധനകളും സമനിലയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍പ് ഒരിക്കല്‍ പോലും ഉയര്‍ന്നു കേട്ടിട്ടില്ലാത്ത ക്ഷേത്ര-മസ്ജിദ് തര്‍ക്കങ്ങള്‍ ഇപ്പോല്‍ ഉടലെടുക്കുന്നതില്‍ ആശങ്കപ്പെടേണ്ടതുണ്ടെന്നും യാദവ് പറഞ്ഞു. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ സൃഷ്ടിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുമെന്നും അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു.

രാജ്യസഭാ സീറ്റിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടാത്തതില്‍ അതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് അത് നേരത്തെ പാര്‍ട്ടി തീരുമാനിച്ചു കഴിഞ്ഞെന്നും ഇനി ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ദേശീയ രാഷ്ട്രീയത്തില്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു ശരത് യാദവ്. നിലവില്‍ ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നുണ്ടെന്നും പാര്‍ട്ടിയില്‍ നിന്നോ രാഷ്ട്രീയത്തില്‍ നിന്നോ വിരമിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘പതിനൊന്ന് തവണ പാര്‍ലമെന്റില്‍ ഇരിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. എം.പി ആയാലും ഇല്ലെങ്കിലും ദേശീയ രാഷ്ട്രീയത്തിനുവേണ്ടി പ്രവര്‍ത്തനം തുടരും. നേരത്തെ ചെയ്തിരുന്നത് എന്താണോ അത് തുടര്‍ന്നും ചെയ്യും. കോടികണക്കിന് പ്രവര്‍ത്തകരാണ് അവരുടെ പാര്‍ട്ടിയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നത്. ഞാനിപ്പോള്‍ അവരില്‍ ഒരാളാണ്,’ യാദവ് പറഞ്ഞു.

Content Highlight: Opposition should unite for the sake of democracy abd constitution- says Sharad Yadav