ജെ.പി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് ചാക്കോയെ മാറ്റണമെന്ന് ആവശ്യം
India
ജെ.പി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് ചാക്കോയെ മാറ്റണമെന്ന് ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th April 2013, 5:31 pm

ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്റ് സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.സി ചാക്കോയെ മാറ്റണമെന്ന ആവശ്യവുമായി ഡി.എം.കയും പ്രതിപക്ഷ അംഗങ്ങളും.[]

പി.സി ചാക്കോയെ വിശ്വാസമില്ലെന്നും അതിനാല്‍ അദ്ദേഹത്തെ മാറ്റി മറ്റൊരാളെ ജെ.പി.സി അധ്യക്ഷനായി നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ബി.ജെ.പി, ജെ.ഡി.യു, എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ, ഇടത് പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി എ്ന്നീ പാര്‍ട്ടികളിലെൃ 15 അംഗങ്ങളാണ് സ്പീക്കര്‍ മീരാ കുമാറിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

പി.സി ചാക്കോ പക്ഷാപാതപരമായാണ് ഇടപെടുന്നതെന്ന് കാണിച്ചാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. സമിതി തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് ചോര്‍ന്നതായും അംഗങ്ങള്‍ ആരോപിച്ചു.

അതേസമയം, മുപ്പതംഗ ജെ.പി.സിയില്‍  കോണ്‍ഗ്രസ്, എന്‍.സി.പി, ബി.എസ്.പി, എസ്.പി എന്നീ പാര്‍ട്ടികളുടെ പിന്തുണ ചാക്കോയ്ക്കുണ്ട്.

പ്രധാനമന്ത്രിക്കും അന്നത്തെ ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിനും ഇടപാടില്‍ യാതൊരു പങ്കുമില്ലെന്നും ഉത്തരവാദിത്തം മുഴുവന്‍ അന്നത്തെ ടെലികോം മന്ത്രി എ.രാജയ്ക്കാണെ്ന്നുമാണ് ജെ.പി.സി കരട് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ബി.ജെ.പി ഭരണകാലത്തും അഴിമതി നടന്നിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് ഡി.എം.കെയും ബി.ജെ.പിയും രംഗത്തെത്തിയത്. പ്രധാനമന്ത്രിക്കും ചിദംബരത്തിനും ക്ലീന്‍ ചീട്ട് നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും റിപ്പോര്‍ട്ട് പരിഷ്‌കരിക്കണമെന്നുമാവശ്യപ്പെട്ടാണ് പാര്‍ട്ടികള്‍ രംഗത്തെത്തിയത്.

കരട് റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിന് വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം നിര്‍ബന്ധം പിടിക്കുന്നപക്ഷം വിജയം ഉറപ്പാക്കാനാകാത്തതാണ് യോഗം മാറ്റാന്‍ കാരണമെന്നാണ് സൂചന.

എന്നാല്‍ വിയോജിപ്പുള്ളവര്‍ അക്കാര്യം രേഖപ്പെടുത്തി വോട്ടെടുപ്പില്ലാതെ റിപ്പോര്‍ട്ട് പാസാക്കണമെന്നാണ് പിസി ചാക്കോ അഭ്യര്‍ഥിച്ചിരിക്കുന്നത്.