|

കഴിഞ്ഞ വർഷത്തിൽ കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവർക്ക് ലഭിച്ച എസ്.എസ്.എ ഫണ്ട് പൂജ്യം, ഉത്തർപ്രദേശിന് 4,487.46 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സർവ ശിക്ഷാ അഭിയാൻ (എസ്.എസ്.എ) പ്രകാരം കേന്ദ്ര സർക്കാരിന്റെ വിഹിതത്തിൽ നിന്ന് കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഒരു ഫണ്ടും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി. സി.പി.ഐ.എം എം.പി ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഈ സാമ്പത്തിക വർഷത്തേക്ക് കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ യഥാക്രമം 328.90 കോടി രൂപ, 2,151.60 കോടി രൂപ, 1,745.80 കോടി രൂപ എന്നിങ്ങനെ കേന്ദ്ര വിഹിതം അനുവദിച്ചിട്ടുണ്ട്. എന്നാൽ മാർച്ച് 27 വരെ ഈ സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിഹിതത്തിൽ നിന്ന് ഒരു ഫണ്ടും അനുവദിച്ചിട്ടില്ലെന്ന് ഡാറ്റ വെളിപ്പെടുത്തി.

കണക്കുകൾ പ്രകാരം, 36 സംസ്ഥാനങ്ങൾക്കായി കേന്ദ്ര വിഹിതമായ 45,830.21 കോടി രൂപയിൽ, മാർച്ച് 27 വരെ 27,833.50 കോടി രൂപ കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കുമായി അനുവദിച്ചിട്ടുണ്ട്.

മൂന്ന് സംസ്ഥാനങ്ങളിൽ, ദേശീയ വിദ്യാഭ്യാസ നയത്തിൽ (NEP) പരാമർശിച്ചിരിക്കുന്ന ത്രിഭാഷാ ഫോർമുലയെ എതിർക്കുന്നതിന്റെ പേരിൽ തമിഴ്‌നാട് നിലവിൽ കേന്ദ്ര സർക്കാരുമായി തർക്കത്തിലാണ്.

കഴിഞ്ഞ വർഷം, പ്രതിപക്ഷം ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങൾ പ്രധാൻ മന്ത്രി സ്‌കൂൾസ് ഫോർ റൈസിങ് ഇന്ത്യ (പി.എം-എസ്‌.എച്ച്‌..ആർ.ഐ) പദ്ധതിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് ബി.ജെ..പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ എസ്‌.എസ്‌.എക്ക് കീഴിലുള്ള ഈ സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് നിർത്തിവെച്ചു.

ദൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ പി.എം-ശ്രീ പദ്ധതിക്കായുള്ള ധാരണാപത്രത്തിൽ ഒപ്പിടാൻ വിസമ്മതിച്ചതിനെത്തുടർന്ന് കേന്ദ്രം അവരുടെ എസ്.എസ്.എ ഫണ്ടുകളും നിർത്തിവെച്ചു.

പാഠപുസ്തകങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, അധ്യാപകരുടെ ശമ്പളം തുടങ്ങിയ ഘടകങ്ങൾക്ക് ധനസഹായം നൽകുകയാണ് എസ്.എസ്.എ പ്രകാരം ചെയ്യുന്നത്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഫണ്ട് തടഞ്ഞുവെക്കുന്നത് ബാധിത സംസ്ഥാനങ്ങളിലെ അധ്യാപകരുടെ ശമ്പളം, ആർ.ടി.ഇ റീഇംബേഴ്സ്മെന്റ്, വിദൂര പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ ഗതാഗതം എന്നിവയെ സാരമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് മുമ്പ് ഈ വിഷയം പരിഗണിച്ചിരുന്നു.

പി.എം-എസ്.എച്ച്.ആർ.ഐ പോലുള്ള പ്രത്യേക പദ്ധതികൾക്കുള്ള ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചില്ല എന്നതിന്റെ പേരിൽ എസ്.എസ്.എ പ്രകാരം അനുവദിച്ച ഫണ്ട് തടഞ്ഞുവയ്ക്കുന്നത് ന്യായീകരിക്കാനാവില്ല എന്ന് കമ്മിറ്റി നിരീക്ഷിച്ചിരുന്നു.

തൽഫലമായി, ശമ്പളം, അധ്യാപക പരിശീലന പരിപാടികൾ, സ്കൂൾ അടിസ്ഥാന സൗകര്യ പരിപാലനം എന്നിവ തടസപ്പെടുന്നത് തടയാൻ കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് എസ്.എസ്.എ ഫണ്ടുകൾ വിദ്യാഭ്യാസ മന്ത്രാലയം ഉടൻ നൽകണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു.

Content Highlight: Opposition-Ruled Kerala, Tamil Nadu and West Bengal Received Zero Funds Under SSA For FY24-25