| Sunday, 17th March 2024, 8:12 am

ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്തുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാൻ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ എതിര്‍പ്പ് അറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് മിക്ക പാര്‍ട്ടികളും ഉയര്‍ത്തുന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് സമർപ്പിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു.

ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം, ഒന്നോ രണ്ടോ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തണമെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കിലെടുത്തില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

തെരഞ്ഞെടുപ്പ് നീണ്ട് പോകുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നാണ് തൃണമൂല്‍ ഉയര്‍ത്തുന്ന വാദം. 1951-52ലെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് നാല് മാസത്തോളം നീണ്ട് നില്‍ക്കുന്ന തെരഞ്ഞെടുപ്പിന് രാജ്യം സാക്ഷ്യമാകുന്നത്.

ശനിയാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആദ്യം തീരുമാനത്തെ സ്വാഗതം ചെയ്‌തെങ്കിലും പിന്നീട് എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തി. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ നീതിയുടെ വാതില്‍ തുറക്കുമെന്ന് ശനിയാഴ്ച എക്‌സിലൂടെ അദ്ദേഹം പറഞ്ഞു. ‘സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തെയും നമ്മുടെ ഭരണഘടനയെയും രക്ഷിക്കാനുള്ള അവസാന അവസരമാണിത്. ഇന്ത്യയിലെ ജനങ്ങള്‍ എല്ലാവരും ഒന്നിച്ച് വിദ്വേഷത്തിനും കൊള്ളക്കും തൊഴിലില്ലായ്മക്കും എതിരെ പോരാടും’, ഖാര്‍ഗെ പറഞ്ഞു.

പിന്നീട് മാധ്യമങ്ങളെ കണ്ട ഖാര്‍ഗെ ഏഴ് ഘട്ടത്തിന്റെ ആവശ്യം ഇല്ലായിരുന്നെന്നും ചുരുങ്ങിയത് നാല് ഘട്ടം മതിയായിരുന്നെന്നും അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് പ്രചരണം നടത്താനുള്ള സൗകര്യത്തിന് വേണ്ടിയാണ് ഏഴ് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

കൊവിഡ് കാരണം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളിലായാണ് നടന്നത്. എന്നാല്‍ ഇന്ന് ഏഴ് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്താനുള്ള എന്ത് സാഹചര്യമാണ് രാജ്യത്ത് ഉള്ളതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചോദിച്ചു. മൂന്നോ നാലോ ഘട്ടങ്ങളിൽ പൂർത്തിയാക്കണമെന്നാണ് മായാവതി പറഞ്ഞത്.

തെരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചെങ്കിലും മിക്ക പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വേഗത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടികള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19നും ജൂണ്‍ ഒന്നിനും ഇടയില്‍ ഏഴ് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്.

Content Highlight: Opposition Questions 7-Phase Lok Sabha Election

Latest Stories

We use cookies to give you the best possible experience. Learn more