പ്രത്യേക പദവിയില്ല; ബീഹാർ അസംബ്ലിയിൽ കളിപ്പാട്ടങ്ങളുയർത്തി പ്രതിപക്ഷ പ്രതിഷേധം
NATIONALNEWS
പ്രത്യേക പദവിയില്ല; ബീഹാർ അസംബ്ലിയിൽ കളിപ്പാട്ടങ്ങളുയർത്തി പ്രതിപക്ഷ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th July 2024, 10:48 am

പാട്ന: കേന്ദ്ര ബജറ്റിൽ ബീഹാറിന് പ്രത്യേക പദവിയെന്ന ആവശ്യം പരിഗണിക്കാത്തതിൽ ബീഹാർ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് നിയമസഭ ചൊവ്വാഴ്ച ഉച്ചവരെ നിർത്തി വെച്ചു. ബി.ജെ.പിയുടെ ബീഹാർ വിരുദ്ധത നാണക്കേട് എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് ആർ.ജെ.ഡി, കോൺഗ്രസ്, ഇടതുപക്ഷ നേതാക്കൾ ചൊവ്വാഴ്ച സഭയിലെത്തിയത്.

നിയമസഭയിൽ കളിപ്പാട്ടങ്ങളുമായാണ് പ്രതിപക്ഷം എത്തിയത്. ബേബി റാറ്റിൽസും മറ്റ്‌ കളിപ്പാട്ടങ്ങളും ഉയർത്തി സർക്കാരിനെ കളിയാക്കി കൊണ്ടായിരുന്നു പ്രതിപക്ഷം പ്രതികരിച്ചത്.

മുദ്രാവാക്യം വിളി രൂക്ഷമായതോടെ സ്പീക്കർ നന്ദകിഷോർ യാദവ് സഭ ഉച്ച വരെ നിർത്തി വെച്ചു. ഉച്ചക്ക് ശേഷവും ആരംഭിച്ച സഭ പ്രതിപക്ഷം ബഹളം തുടർന്നതിനെ തുടർന്ന് വീണ്ടും നിർത്തിവെക്കുകയായിരുന്നു.

‘കേന്ദ്ര ബജറ്റ് ജനവിരുദ്ധമാണ്. ബീഹാറിന് സത്യത്തിൽ ഒന്നും കിട്ടിയിട്ടില്ല. കിട്ടിയത് കളിപ്പാട്ടങ്ങൾ മാത്രം,’ ആർ.ജെ.ഡിയുടെ ഭായ് ബീരേന്ദ്ര പറഞ്ഞു. ബീഹാറിന് ആവശ്യമുള്ളതൊന്നും കിട്ടിയില്ലെന്നും കളിപ്പാട്ടങ്ങൾ നിറയെ കിട്ടിയിട്ടുണ്ടെന്നും മറ്റ്‌ പ്രതിപക്ഷ കക്ഷികളും പറഞ്ഞു.

‘എന്തായാലും ബേബി റാറ്റിൽസ് കിട്ടിയിട്ടുണ്ട്, ഞങ്ങൾ അത് കളിക്കുകയാണ്’ എന്ന് പറഞ്ഞ് കളിപ്പാട്ടം ഉയർത്തിക്കൊണ്ടാണ് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ പ്രതികരിച്ചത്.

മുഖ്യമന്ത്രി നിതീഷിൻ്റെ ജെ.ഡി.യു 2005ൽ അധികാരമേറ്റതുമുതൽ ബീഹാറിന് പ്രത്യേക പദവി എന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ കേന്ദ്രം ബീഹാറിന് പ്രത്യേക പദവി എന്ന ആവശ്യം അവഗണിക്കുകയായിരുന്നു.

ബീഹാറിന് 26,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയടക്കം ഏതാണ്ട് 50,000 കോടി രൂപയുടെ പദ്ധതികളാണ് ഇതുവരെ ധനമന്ത്രി പ്രഖ്യാപിച്ചത്. 11,500 കോടി രൂപയുടെ പ്രളയസഹായവും വിമാനത്താവളം, മെഡിക്കല്‍ കോളേജ് , രണ്ട് ക്ഷേത്ര ഇടനാഴികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

അടിസ്ഥാന സൗകര്യത്തിന് മാത്രം ബീഹാറില്‍ 26,000 കോടി രൂപയാണ് ആകെ അനുവദിച്ചിരിക്കുന്നത്. ബീഹാറില്‍ വിമാനത്താവളവും മെഡിക്കല്‍ കോളേജും പ്രഖ്യാപിച്ചു.

അമൃത്സര്‍-കൊല്‍ക്കത്ത വ്യാവസായിക ഇടനാഴിയുടെ ഭാഗമായി ബീഹാറിലെ ഗയയില്‍ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. പാട്ന-പൂര്‍ണ എക്സ്പ്രസ് വേ, ബുക്സര്‍ ഭഗല്‍പൂര്‍ ഹൈവേ, ബോധ്ഗയ-രാജ്ഗിര്‍-വിശാലി-ധര്‍ബന്‍ഗ എന്നീ റോഡ് കണക്ടിവിറ്റി പ്രൊജക്റ്റുകള്‍ക്ക് പുറമെ ബുക്സാറില്‍ ഗംഗാ നദിക്ക് മുകളിലായി രണ്ട് വരി പാലത്തിന്റെ നിര്‍മാണത്തിനുള്ള പദ്ധതിയും ബജറ്റില്‍ ബീഹാറിനായി നീക്കിവെച്ചിട്ടുണ്ട്.

Content Highlight: Opposition protests over denial of Special Category status