ന്യൂദല്‍ഹി: മുന്‍ സുപ്രീം കോടതി ജഡ്ജിയും ബി.ജെ.പി എം.പിയുമായ രഞ്ജന്‍ ഗോഗോയ് പ്രസംഗിക്കുന്നതിനിടെ രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. നാല് വനിതാ എം.പിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ജയ ബച്ചന്‍, പ്രിയങ്ക ചതുര്‍വേദി, വന്ദന ചവാന്‍, സുസ്മിത ദേവ് എന്നിവരാണ് ഇറങ്ങിപ്പോയത്.
രഞ്ജന്‍ ഗൊഗോയിക്കെതിരായ 2019ലെ ലൈംഗിക ആരോപണക്കേസിലാണ് പ്രതിഷേധം. ഉദ്യോഗസ്ഥനിയമനങ്ങളിലും മറ്റും കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ദല്‍ഹി ഓര്‍ഡിനന്‍സിന് പകരമായുള്ള ബില്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്.
രഞ്ജന്‍ ഗോഗോയ് ബി.ജെ.പി എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് രാജ്യസഭയില്‍ സംസാരിക്കുന്നത്. പ്രസംഗത്തിനായി എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടാകുകയായിരുന്നു. ഇതേസമയം ‘മീ ടു’ മുദ്രാവാക്യ വിളികളുമുണ്ടായി.
ചീഫ് ജസ്റ്റിസായിയിരുന്ന രഞ്ജന്‍ ഗൊഗോയിക്കെതിരെ 2019ല്‍ സ്റ്റാഫ് അംഗമാണ് ലൈംഗിക ആരോപണം ഉന്നയിക്കുന്നത്. കേസില്‍ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. തുടര്‍ന്ന് യുവതിക്കെതിരായ വഞ്ചനാക്കുറ്റത്തില്‍ കേസ് അവസാനിപ്പിക്കുകയുമായിരുന്നു. അതിന് ശേഷം യുവതിയെ ജോലിയില്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇത്രയും നാണംകെട്ട, അധപതിച്ച, ലൈംഗിക വൈകൃതമുള്ള ഒരു ജഡ്ജിയെ താന്‍ ഇന്ത്യന്‍ നീതിപീഠത്തില്‍ കണ്ടിട്ടില്ലെന്നായിരുന്നു സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു കേസിനെക്കുറിച്ച് മുമ്പ് പറഞ്ഞിരുന്നത്.
Content Highlight: Opposition protests in Rajya Sabha during former Supreme Court judge and BJP MP Ranjan Gogoi’s speech