| Friday, 14th January 2022, 11:15 am

പി.ടി തോമസിനായി പൂക്കള്‍ വാങ്ങിയതില്‍ നടത്തിയ അഴിമതിയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അന്തരിച്ച പി.ടി. തോമസ് എം.എല്‍.എയുടെ മരണാനന്തര ചടങ്ങുകളില്‍ പൂക്കള്‍ വാങ്ങിയതില്‍ ക്രമക്കേട് നടത്തിയതില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. മൃതദേഹം കാക്കനാട് കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചതിന്റെ ചെലവുകണക്കില്‍ തൃക്കാക്കര നഗരസഭാ ഭരണസമിതി തട്ടിപ്പ് നടത്തിയതായി സ്വതന്ത്ര കൗണ്‍സിലര്‍ പി.സി. മനൂപ് നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കി.

പൊതുദര്‍ശനത്തിലേക്ക് പൂക്കള്‍ വാങ്ങിയതില്‍ മാത്രം 1,27,000 രൂപയുടെ ബില്ലാണ് നഗരസഭയ്ക്ക് നല്‍കിയത്. 35,000 രൂപയുടെ ഭക്ഷണവും വാങ്ങിയിരുന്നു. ഈ കണക്കുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.

മൃതദേഹത്തിലോ മരണാനന്തര ചടങ്ങുകളിലോ പൂക്കള്‍ ഉപയോഗിക്കരുതെന്ന പി.ടി. തോമസിന്റെ അന്ത്യാഭിലാഷത്തിന് വിപരീതമായാണ് കാര്യങ്ങള്‍ നടന്നതെന്നും പരാതിയില്‍ പറയുന്നു.

പൂക്കള്‍ വാങ്ങിക്കുന്നതിന് നല്‍കിയ പണം കൗണ്‍സിലുമായി കൂടിയാലോചിക്കാതെയാണ് ചെയ്തതെന്നും അടിയന്തിര ഘട്ടങ്ങളില്‍ അല്ലാതെ 25000 രൂപയില്‍ അധികം ചെലവഴിക്കാന്‍ ആകില്ലെന്ന ചട്ടം മറികടന്നാണ് പൂവിന്റെ തുക നല്‍കിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം, കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് പി.ടി. തോമസിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതെന്നും ഇത് ഐക്യകണ്‌ഠേന അംഗീകരിച്ചതായിരുന്നെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി വ്യക്തമാക്കി.

എല്ലാ കാര്യങ്ങളിലും പ്രതിഷേധവും പരാതിയും ഉന്നയിക്കുന്ന പ്രതിപക്ഷത്തിന്റെ പതിവ് പരിപാടിയാണ് ആരോപണത്തിന് പിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തന്റെ സംസ്‌കാര ചടങ്ങുകള്‍ എങ്ങനെയായിരിക്കണം എന്നതിന് പി.ടി. തോമസ് സുഹൃത്തിന് നിര്‍ദേശം നല്‍കിയിരുന്നു. സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ ഡിജോ കാപ്പനോടായിരുന്നു പി.ടി. തോമസ് ഇക്കാര്യം പറഞ്ഞത്.

വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഭാര്യ ഉമ തോമസ് അറിയാതെ അദ്ദേഹം ഡിജോയെ വിളിച്ചതും മരണാനന്തര ചടങ്ങുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തിരുന്നത്.

കൊച്ചി രവിപുരത്തെ ശ്മശാനത്തില്‍ വേണം തന്നെ സംസ്‌കാരിക്കാന്‍. കുടുംബാംഗങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ചിതാഭസ്മം അമ്മയുടെ കല്ലറയ്ക്ക് അകത്ത് വെക്കാം. മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുമ്പോള്‍ റീത്ത് വെക്കാന്‍ പാടില്ല.

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന ഗാനം പൊതുദര്‍ശനത്തിനിടെ ശാന്തമായി കേള്‍പ്പിക്കണം. തന്റെ പേരിലുള്ള സ്വത്തുവകകള്‍ ഭാര്യ ഉമയ്ക്ക് സ്വതന്ത്രമായി വീതം വെക്കാം എന്നിങ്ങനെയായിരുന്നു നിര്‍ദേശങ്ങള്‍.

കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അര്‍ബുദത്തിനുള്ള ചികിത്സയുടെ ഭാഗമായി പി.ടി. തോമസ് വെല്ലൂരിലെ ആശുപത്രിയില്‍ എത്തിയത്. ഡിസംബര്‍ 22ന് രാവിലെ പത്ത് മണിയോടെ അന്തരിച്ചു. 71 വയസ്സായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Opposition protests against corruption in the purchase of flowers for PT Thomas

We use cookies to give you the best possible experience. Learn more