ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനിടെ രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ മുദ്രാവാക്യ വിളികള്‍ക്കിടയിലാണ് അദ്ദേഹം പ്രസംഗം നടത്തിയത്. നടുത്തളത്തിലേക്കിറങ്ങിയ പ്രതിപക്ഷം സീറ്റുകളിലേക്ക് മടങ്ങണമെന്ന് രാജ്യസഭാധ്യക്ഷന്‍ ആവശ്യപ്പെട്ടു.
‘മോദി അദാനി, ഭായ്, ഭായ്’ എന്നാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത്. വ്യാഴാഴ്ച രാജ്യസഭയില്‍ നന്ദി പ്രമേയത്തിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് കുടുംബം രാജ്യത്തെ തകര്‍ത്തുവെന്നും നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ പെരുമാറ്റം രാജ്യതാല്‍പര്യത്തിന് എതിരെന്ന് പ്രധാനമന്ത്രി സഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം ദൗര്‍ഭാഗ്യകരമെന്നും കോണ്‍ഗ്രസ് കുടുംബം രാജ്യത്തെ തകര്‍ത്തുവെന്നും അദ്ദേഹം ആരോപിച്ചു.
‘നിങ്ങള്‍(പ്രതിപക്ഷം) എറിയുന്ന ഓരോ ചെളിയിലും താമര വിരിയും. താമര വസന്തത്തില്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും തുല്യ പങ്കാളിത്തമുണ്ട്. പ്രതിപക്ഷത്തോടു ഞങ്ങള്‍ക്ക് നന്ദിയുണ്ട്.
കോണ്‍ഗ്രസ് ഭരിച്ച ആറ് ദശകം ഒന്നും സംഭവിച്ചില്ല. കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ത്ത രാജ്യത്തെ ബി.ജെ.പി സര്‍ക്കാരാണ് രക്ഷിച്ചത്. കോണ്‍ഗ്രസിന്റെ ലക്ഷ്യം കുടുംബക്ഷേമം മാത്രമായിരുന്നു.
രാജ്യം നേരിട്ട പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസിന് ഒരിക്കലും സാധിച്ചിട്ടില്ല. ഇനി കോണ്‍ഗ്രസുകാര്‍ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. ജനം അവരെ തള്ളിക്കഴിഞ്ഞു,’ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Content Highlight: Opposition protest in Rajya Sabha during Prime Minister Narendra Modi’s speech