കശ്മീരിന്റെ സംസ്ഥാന പദവി; പിന്തുണച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍; തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യം
national news
കശ്മീരിന്റെ സംസ്ഥാന പദവി; പിന്തുണച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍; തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th March 2023, 8:16 pm

ന്യൂദല്‍ഹി: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. സംസ്ഥാനത്ത് നിര്‍ത്തി വെച്ച തെരഞ്ഞെടുപ്പ് പുനസ്ഥാപിക്കണമെന്നും ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള ദല്‍ഹിയില്‍ വിളിച്ച് ചേര്‍ത്ത പ്രതിപക്ഷ സമ്മേളനത്തിലാണ് തീരുമാനം. സംസ്ഥാനത്ത് നിര്‍ത്തി വെച്ച തെരഞ്ഞെടുപ്പ് നടപടികള്‍ പുനരാരംഭിക്കാനും യോഗം ആഹ്വാനം ചെയ്തു.

സി.പി.ഐ.എം, എന്‍.സി.പി, കോണ്‍ഗ്രസ്, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സമാജ് വാദി പാര്‍ട്ടി, ആം ആദ്മി മുതലായ പാര്‍ട്ടികള്‍ ദില്ലി കോണ്‍സ്റ്റിറ്റിയൂഷണല്‍ ക്ലബ്ബില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.

പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും ചേര്‍ന്ന് വരുന്ന മാസം കശ്മീര്‍ സന്ദര്‍ശിക്കുമെന്ന് യോഗത്തിന് ശേഷം എന്‍.സി.പി നേതാവ് ശരദ് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കാശ്മീരിലെ ജനങ്ങളനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കാനും അവരുടെ വേദനയില്‍ പങ്കു ചേരാനുമായി എല്ലാ പ്രതിപക്ഷ കക്ഷികളും ശ്രീനഗറിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പ് പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ കമ്മീഷനെ സമീപിച്ചതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

‘കശ്മീരില്‍ അനാവശ്യമായി പൊതുതെരഞ്ഞെടുപ്പ് നീട്ടി വെക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. എല്ലാ പ്രതിപക്ഷ കക്ഷികളും ഒറ്റക്കെട്ടായി വിഷയത്തെ സമീപിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം,’ ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി കശ്മീരില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നിട്ടില്ല. 2014ലാണ് സംസ്ഥാനത്ത് അവസാന തെരെഞ്ഞെടുപ്പ് നടക്കുന്നത്. 2019 ആഗസ്റ്റിലാണ് കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടികള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുന്നത്. അതിനിടെ അധികാരത്തിലെത്തിയാല്‍ കാശ്മീരിന്റെ പ്രത്യക പദവി പുനസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

Content Highlight: Opposition partys wants to re establish article 370 in kashmir